ബെയ്‌റൂത്ത്: ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ള കൊല്ലപ്പെട്ടതിനുപിന്നാലെ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഹിസ്ബുള്ള തലവൻ ഒളിച്ചിരുന്നത് ഭൂഗർഭ ബങ്കറിലാണെന്ന അതീവ രഹസ്യവിവരം ഇസ്രായേലിന് ലഭിച്ചത് ഇറാനിയൻ ചാരനിൽ നിന്നുമാണെന്നാണ് റിപ്പോർട്ടുകൾ.
തെക്കൻ ബെയ്‌റൂത്തിലെ ഹിസ്ബുള്ളയുടെ ഭൂഗർഭ ആസ്ഥാനത്ത് നസറുള്ളയുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ ഏജൻ്റ് ഇസ്രായേലി ഉദ്യോഗസ്ഥരെ അറിയിച്ചതായി ഫ്രഞ്ച് പത്രമായ ലെ പാരിസിയൻ റിപ്പോർട്ട് ചെയ്യുന്നു. ഹിസ്ബുള്ളയുടെ പിന്തുണക്ക് പേരുകേട്ട പ്രദേശമായ ദാഹിയിൽ ആറ് കെട്ടിടങ്ങൾ ഉൾപ്പെടുന്ന ഒരു സമുച്ചയത്തിൽ തീവ്രവാദ ഗ്രൂപ്പിലെ മുതിർന്ന അംഗങ്ങളുമായി നസറുള്ള ഒരു മീറ്റിംഗിൽ പങ്കെടുക്കുകയാണെന്ന രഹസ്യവിവരമാണ് കൈമാറിയത്.
വ്യോമാക്രമണം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ശനിയാഴ്ച ഉച്ചയോടെയാണ് ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചതെന്നാണ് റിപ്പോർട്ട് . ഇന്ത്യൻ സമയം 1.30 ന് (ലെബനൻ സമയം 11 am), ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (IDF) സമൂഹമാദ്ധ്യമമായ എക്‌സിലൂടെ നസറുള്ള കൊല്ലപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം ഹിസ്ബുള്ള തലവനെ വധിക്കാൻ ഇസ്രായേൽ ഉപയോഗിച്ചത് അമേരിക്കൻ നിർമ്മിത മാർക്ക് 84 സീരീസ് (900kg) ബോംബാണെന്ന് യുഎസ് സെനറ്റർ മാർക്ക് കെല്ലി പറഞ്ഞു. എന്നാൽ നസറുള്ളയെ കൊലപ്പെടുത്തിയ വ്യോമാക്രമണത്തെക്കുറിച്ച് ഇസ്രായേൽ തങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇതിനെക്കുറിച്ചറിയുന്നത് ആക്രമണങ്ങൾ നടന്നശേഷമാണെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.