തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാർക്ക് താക്കീതുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെ കുറിച്ചുള്ള പരാതികൾ വർദ്ധിക്കുന്നുവെന്നും ലഭിക്കുന്ന പരാതികളിൽ അധികവും ഡ്രൈവർമാർക്കെതിരെയും കണ്ടക്ടർമാർക്കെതിരെയുമാണെന്നും മന്ത്രി പറഞ്ഞു.
“അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, കണ്ടക്ടറുടെ മോശം പെരുമാറ്റം എന്നിങ്ങനെയാണ് പരാതികൾ വരുന്നത്. 3,000-ത്തിലേറെ ബസുകളിലെ കെഎസ്ആർടിസി ഡ്രൈവർമാരേക്കാൾ അപകടമുണ്ടാക്കുന്നത് വളരെ തുച്ഛമായ ബസുകളുള്ള സ്വിഫ്റ്റ് ബസുകളിലെ ഡ്രൈവർമാരാണ്. മരണം സംഭവിച്ച അപകടങ്ങളുടെ കണക്കുകൾ പരിശോധിച്ചാലും ഇത് തന്നെയാണ് അവസ്ഥ.
സ്വിഫ്റ്റ് ഡ്രൈവർമാർ അപകടമുണ്ടാക്കിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തവും ചെലവും അവരുടെ തലയിൽ തന്നെ വയ്‌ക്കും. അവരുണ്ടാക്കുന്ന നഷ്ടങ്ങൾക്ക് കെഎസ്ആർടിസി പൈസ ചെലവാക്കില്ല. അപകടമുണ്ടായാലും ജനങ്ങളോട് ചട്ടമ്പിത്തരം കാണിക്കാൻ നിൽക്കേണ്ട”.
സ്വിഫ്റ്റ് ജീവനക്കാരുടെ ഇത്തരം രീതികൾ മാറ്റിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കും. യാത്രക്കാരോട് മര്യാദയോടെ പെരുമാറണം. ജനങ്ങളാണ് യജമാനന്മാർ. അവർ ബസിൽ കയറിയില്ലെങ്കിൽ ജീവനക്കാർക്ക് ശമ്പളം ഉണ്ടാകില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.















