ആലപ്പുഴ: കൊള്ള മുതൽ പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കിനിടെ പുറത്ത് ചാടിയ ഒരാൾ മാത്രമാണ് പി.വി അൻവറെന്ന് മുതിർന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ.
അൻവർ ചെറിയ മീനല്ല, വലിയ മയക്കുമരുന്ന് മാഫിയ സംഘങ്ങളും കള്ളക്കടത്ത് സംഘങ്ങളുമാണ് കേരളത്തിന്റെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇവരുടെ സ്വത്ത് പങ്കുവെക്കുന്ന തർക്കത്തിനിടെ പുറത്ത് ചാടിയ ഒരാൾ മാത്രമാണ് അൻവർ. അൻവറുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന കാര്യങ്ങൾ ബിജെപി സംസ്ഥാന ഘടകം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അൻവറിന് വേണ്ടി മണിക്കൂറുകളോളം മാറ്റിവെക്കുന്ന മാദ്ധ്യമങ്ങളോട് സഹതാപമുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
പിണറായി വിജയനും അൻവറും രക്ഷപ്പെടാൻ പോകുന്നില്ല. ബിജെപി സാധാരണക്കാരുടെ വിയർപ്പിന് വില കൽപ്പിക്കുന്ന പാർട്ടിയാണ്. മലപ്പുറം അങ്ങാടിയിൽ കൂലിപ്പണിക്ക് പോകുന്ന തൊഴിലാളികൾക്ക് വേണ്ടിയല്ല അൻവർ സംസാരിക്കുന്നത്. ആയിരുന്നെങ്കിൽ എട്ട് വർഷത്തോളം പിണറായി വിജയന്റെ ചേതികൾ അൻവർ മൂടിവെക്കില്ലായിരുന്നു. മൂന്നാഴ്ച മുൻപ് തന്നെ ഇത് സംബന്ധിച്ച് കേന്ദ്ര എജൻസികൾക്ക് പരാതി നൽകിയതായും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.