കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന ദാരുണ സംഭവത്തിൽ രണ്ടാം പ്രതിയായ ഡോക്ടർ ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രേരണകുറ്റമാണ് ശ്രീകുട്ടിക്ക് മേൽ ചുമത്തിയിരുന്നത്. ജഡ്ജി. ജി ഗോപകുമാറാണ് വിധി പ്രസ്താവിച്ചത്. പ്രതിഭാഗത്തിനുവേണ്ടി സി സചീന്ദ്രകുമാർ ഹാജരായി.
സെപ്റ്റംബർ 15 നാണ് കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയായ കുഞ്ഞുമോൾ കാർ ദേഹത്ത് കയറിയിറങ്ങി കൊല്ലപ്പെടുന്നത്. ഒന്നാം പ്രതി അജ്മലും രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയുമാണ് കേസിൽ അറസ്റ്റിലായത്.
ശ്രീക്കുട്ടി നേരിട്ട് കൃത്യത്തിൽ പങ്കെടുത്തിട്ടില്ലെന്നും കുഞ്ഞുമോളുടെ ദേഹത്ത് കാർ കയറ്റി ഇറങ്ങാൻ പ്രേരണ നൽകിയിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു. പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ പ്രതിക്ക് ജാമ്യത്തെ എതിർത്തു. പക്ഷെ കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
നിലവിൽ അട്ടകുളങ്ങര ജയിലിലാണ് പ്രതി കഴിയുന്നത്. നേരത്തെ ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.