ഇസ്ലാമബാദ്: പിടികിട്ടാപ്പുള്ളിയും വിവാദ ഇസ്ലാമത പ്രഭാഷകനുമായ സാക്കിർ നായിക്കിനെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ച് പാകിസ്താൻ. പാക് ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണപ്രകാരം തിങ്കളാഴ്ചയാണ് സാക്കിർ നായിക്കും മകൻ ഫാരിഖ് നായിക്കും ഇസ്ലാമബാദിൽ എത്തിയത്. ന്യൂ ഇസ്ലാമാബാദ് എയർപോർട്ടിൽ എത്തിയ ഇരുവരേയും പാക് ഗവൺമെൻ്റിലെ ഉന്നത വൃത്തങ്ങൾ സ്വീകരിച്ചു.
രാജ്യത്തുടനീളം പ്രഭാഷണ പരമ്പര നടത്തി ജനങ്ങളെ ഉദ്ബോധിപ്പിക്കാനാണ് സർക്കാർ ഇരുവരേയും ക്ഷണിച്ച് വരുത്തിയത്. ഒരു മാസം ഇരുവരും പാകിസ്താനിൽ ഉടനീളം സഞ്ചരിച്ച് വെള്ളിയാഴ്ച നമസ്കാരങ്ങളിലും പരിപാടികളിലും പങ്കെടുക്കുമെന്ന് പാക് ദിനപത്രം റിപ്പോർട്ട് ചെയ്തു. .
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് സാക്കീർ മാലിക്ക്. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇസ്ളാമിക് റിസർച്ച് ഫൗണ്ടേഷന്റെ തലവനായിരുന്ന സക്കീർ നായിക്ക്, 2006 ലാണ് പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന പീസ് ടിവി തുടങ്ങിയത്. യുവാക്കളെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് സാക്കിറിന്റെ പ്രഭാഷണങ്ങളെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങൾ പീസ് ടിവിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
2016ൽ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ സ്‌ഫോടനത്തിന് പിന്നാലെയാണ് സാക്കീർ നായിക്ക് ശ്രദ്ധിക്കപ്പെട്ടത്. സാക്കീറിന്റെ വീഡിയോ കണ്ടാണ് സ്ഫോടനം നടത്തിയതെന്ന് അക്രമി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ വിട്ട മതപ്രഭാഷകൻ നിലവിൽ മലേഷ്യയിലാണ് താമസിക്കുന്നത്.















