നസറുള്ളയുടെ പാത പിന്തുടർന്ന് ഹിസ്ബുള്ള അന്തിമ വിജയം നേടും; അജ്ഞാത കേന്ദ്രത്തിൽ നിന്നും  ഷെയ്ഖ് നയിം ഖാസിമിന്റെ വീഡിയോ; കൈമലർത്തി ഇറാൻ

Published by
ജനം വെബ്‌ഡെസ്ക്

ബെയ്‌റൂട്ട്; ഹസൻ നസറുള്ള കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുള്ളയുടെ ആദ്യ പ്രതികരണം പുറത്ത് വന്നു. ഭീകരസംഘടയിലെ രണ്ടാമൻ എന്ന വിശേഷിപ്പിക്കുന്ന ഷെയ്ഖ് നയിം ഖാസിമിന്റെ വീഡിയോ സന്ദേശമാണ് പുറത്ത് വന്നത്.

ഹസൻ നസറുള്ളയുടെ പാത ഞങ്ങൾ പിന്തുടരും. ഞങ്ങൾക്ക് ഒരുപാട് കമാൻഡർമാരെ നഷ്ടപ്പെട്ടു, വലിയ ത്യാഗങ്ങൾ സഹിച്ചു. അന്തിമ വിജയം ​നേടും വരെ ലക്ഷ്യത്തിൽ നിന്ന് മാറില്ല. ഗാസയ്‌ക്ക് നൽകുന്ന പിന്തുണ തുടരും. ഇസ്രായേലിനെതിരെ നീണ്ട കരയുദ്ധത്തിന് ഹിസ്ബുള്ള തയ്യാറാണെന്നും ബെയ്‌റൂട്ടിലെ ഒരു അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള  പ്രസംഗത്തിൽ ഖാസിം പറയുന്നു. നസറുള്ളയുടെ നേതൃത്വത്തെ പ്രശംസിച്ച് കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

ഹിസ്ബുള്ളയ്‌ക്കെതിരായ കര ഓപ്പറേഷനെ കുറിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രി സൂചന നൽകിയിരുന്നു. നസറുള്ളയുടെ ഉന്മൂലനം ഒരു സുപ്രധാന ഘട്ടമാണ്, പക്ഷേ ഇത് യുദ്ധത്തിന്റെ അവസാനമല്ല. വടക്കൻ നിവാസികളെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരാൻ ഏതറ്റവും വരെ പോകാൻ ഐഡിഎഫ് തയ്യാറാണെന്നും പ്രതിരോധ മന്ത്രി യോവ് ഗാലന്റെ ഉദ്ധരിച്ച് ഇസ്രായേൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതിനിടെ ഇസ്രായേലിനെ നേരിടാൻ ഇറാൻ ലെബനനിലേക്കോ ഗാസയിലേക്കോ സൈന്യത്തെ വിന്യസിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ലെബനൻ സായുധസംഘമായ ഹിസ്ബുള്ളയുടെ തലവൻമാർ ഓരോന്നായി കൊല്ലപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രതികരണം ശ്രദ്ധ നേടുന്നത്.

 

Share