ന്യൂഡൽഹി: അമേരിക്കയിലെ ചിക്കാഗോയിൽ വേർപിരിഞ്ഞു താമസിച്ചിരുന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ അങ്കുർ പട്ടേൽ അറസ്റ്റിൽ. ഭാര്യ മറ്റൊരു യുവാവുമായി പ്രണയബന്ധത്തിലായതും വീണ്ടും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യം നിരസിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. 32കാരനായ അങ്കുർ പട്ടേൽ, 32കാരിയായ ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് ആരോപണം.
ദമ്പതികൾക്ക് ഒരു മകളുണ്ട്. കഴിഞ്ഞ മേയിൽ ഇരുവരും വേർപിരിഞ്ഞെങ്കിലും കുടുംബാംഗങ്ങളുടെ സമ്മർദത്തെത്തുടർന്ന് കുറച്ചുകാലം വീണ്ടും ഒരുമിച്ച് താമസിച്ചിരുന്നു. പിന്നീട് യുവതി മറ്റൊരു പങ്കാളിക്കൊപ്പം ലൂസിയാനയിലേക്ക് താമസം മാറി. മകൾ അങ്കുറിനൊപ്പമാണ് തുടർന്നിരുന്നത്.
ഭാര്യയെയും അവരുടെ പുതിയ പങ്കാളിയെയും കൊല്ലുമെന്ന് അങ്കുർ ഭീഷണിപ്പെടുത്തിയിരുന്നതായും മകളോട് സംസാരിക്കാൻ ഭാര്യയെ അനുവദിച്ചിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നതായും വിവരമുണ്ട്.
മകളെ ഇന്ത്യയിലേക്ക് അയച്ച് ഭാര്യയെ വിളിച്ചുവരുത്തി
കൊലപാതകം നടക്കുന്നതിന് ഏകദേശം രണ്ടാഴ്ച മുമ്പ് അങ്കുർ മകളെ ഭാര്യയെ അറിയിക്കാതെ ഇന്ത്യയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് അയച്ചിരുന്നു. തുടർന്ന് മകളെ കാണാൻ ചിക്കാഗോയിലേക്ക് വരാമെന്ന് പറഞ്ഞ് ഭാര്യയെ വിളിച്ചുവരുത്തുകയായിരുന്നു.
മകൾ അങ്കുറിനൊപ്പമുണ്ടാകുമെന്ന ധാരണയിലാണ് യുവതിയും പുതിയ പങ്കാളിയും കാറിൽ ചിക്കാഗോയിലേക്ക് പുറപ്പെട്ടത്. നഗരത്തിലെത്തിയപ്പോൾ യുവതിയുടെ പങ്കാളി കെട്ടിടത്തിന് പുറത്ത് കാത്തുനിന്നു. യുവതി അങ്കുറിന്റെ ഫ്ലാറ്റിലേക്ക് കയറിയപ്പോഴാണ് മകൾ അവിടെയില്ലെന്ന് മനസ്സിലാക്കിയത്.
വീണ്ടും ഒന്നിക്കണമെന്ന ആവശ്യം നിരസിച്ചു
ഭാര്യയുമായി വീണ്ടും ഒരുമിച്ച് ജീവിക്കാനുള്ള താൽപര്യം അങ്കുർ അറിയിച്ചതായാണ് റിപ്പോർട്ട്. എന്നാൽ യുവതി ആവശ്യം നിരസിക്കുകയും പുതിയ പങ്കാളിക്കൊപ്പം തന്നെ ജീവിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ പ്രകോപിതനായ അങ്കുർ യുവതിയുടെ കഴുത്തിലും ശരീരത്തിലും കുത്തിയെന്നാണ് റിപ്പോർട്ടുകൾ.
കൊലപാതകത്തിന് പിന്നാലെ ഇന്ത്യയിലേക്ക് കടന്നുകളയാൻ അങ്കുർ ശ്രമിച്ചതായും എന്നാൽ പൊലീസ് ഇയാളെ പിടികൂടിയതായും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.















