മൈസൂരു: മൈസൂരിൽ ഒരു സ്വകാര്യ ഫാമിൽ നടന്ന റേവ് പാർട്ടി ഞായറാഴ്ച പുലർച്ചെ പോലീസ് റെയ്ഡ് ചെയ്തു. പോലീസ് എത്തിയതറിഞ്ഞ് പാർട്ടിയിലുണ്ടായിരുന്ന പലരും രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും റെയ്ഡിനിടെ 64 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ പലരും ലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ട്.
പാർട്ടി സ്ഥലത്ത് നിന്ന് നിരവധി വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. പോലീസ് കസ്റ്റഡിയിൽ ഇരുന്ന പ്രതികൾ മുഖം മറയ്‌ക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
നിരോധിത പ്രദേശത്ത് ഈ പാർട്ടി സംഘടിപ്പിച്ചവർ സോഷ്യൽ മീഡിയ വഴിയാണ് യുവാക്കളെയും യുവതികളെയും ക്ഷണിച്ചത്. 30ലധികം ദമ്പതികൾ ഓൺലൈനായി പണം നൽകി ഇതിൽ പങ്കാളികളായതായും പോലീസ് അനുമാനിക്കുന്നു.
വ്യവസായികളും വിദ്യാർത്ഥികളും യുവതികളും റേവ് പാർട്ടിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഫാമിൽ അബോധാവസ്ഥയിലായിരുന്ന പതിനഞ്ചിലധികം യുവതികളെ കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കഴിച്ച ശേഷം ഇവർ ലഹരിയിലായിരുന്നുവെന്നാണ് സൂചന. മദ്യക്കുപ്പികളും ഭക്ഷണവും ഉൾപ്പെടെ നിരവധി സാധനങ്ങൾ പോലീസ് പിടിച്ചെടുത്തു.
ഈ പാർട്ടിക്ക് വിദേശത്ത് നിന്ന് ചില ഡിജെമാരെ ക്ഷണിച്ചിരുന്നു. വലിയ ശബ്ദം കേട്ട് സമീപവാസികൾ പോലീസിൽ വിവരമറിയിക്കുകയും അങ്ങിനെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. ഉച്ചത്തിലുള്ള സംഗീതമാണ് ഡിജെ ഒരുക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. 150-ലധികം യുവാക്കളും യുവതികളും പാർട്ടിയിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. കൂടാതെ, ഇസ്രായേലിൽ നിന്നുള്ള റാപ്പർ ഗ്രെയ്ൻ റിപ്പർ പാർട്ടിക്ക് വന്നതായി പറയപ്പെടുന്നു.
പാർട്ടി പരിസരത്തും അറസ്റ്റിലായവരുടെ പക്കൽനിന്നും മയക്കുമരുന്ന് കണ്ടെത്തിയില്ല എന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായവരുടെ രക്തപരിശോധന നടത്തി വൈദ്യപരിശോധനയ്‌ക്ക് അയച്ചു. വിദേശികളുടെ പങ്കാളിത്തവും അന്വേഷിക്കുന്നുണ്ട്. പാർട്ടി ആരാണ് സംഘടിപ്പിച്ചത്, എങ്ങനെയാണ് പാർട്ടി സംഘടിപ്പിച്ചത്, മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് മൈസൂർ എസ്പി വിഷ്ണുവർധൻ പറഞ്ഞു.