ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുനേതാക്കളും പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഫോൺ വഴി ചർച്ച ചെയ്തതായി പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഭീകരവാദം ഇല്ലാതാക്കുന്നതിനും സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും ഇന്ത്യയും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
” ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതനാഹ്യുമായി സംസാരിച്ചിരുന്നു. ലോകത്ത് ഭീകരവാദത്തിന് സ്ഥാനമില്ലെന്നതാണ് ഇന്ത്യയുടെയും നിലപാട്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ വിലയിരുത്തി. സംഘർഷം പശ്ചിമേഷ്യയാകെ വ്യാപിക്കുന്നത് ഒഴിവാക്കണമെന്ന് നെതന്യാഹുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരവാദം ഒരു കാലത്തും അംഗീകരിക്കാൻ സാധിക്കില്ല.”- പ്രധാനമന്ത്രി കുറിച്ചു.
Spoke to Prime Minister @netanyahu about recent developments in West Asia. Terrorism has no place in our world. It is crucial to prevent regional escalation and ensure the safe release of all hostages. India is committed to supporting efforts for an early restoration of peace and…
— Narendra Modi (@narendramodi) September 30, 2024
പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ എല്ലാ പിന്തുണയും നൽകും. ലോകത്തിന്റെ സമാധാനവും സുസ്ഥിരതയുമാണ് ഭാരതത്തിന്റെയും ലക്ഷ്യം. അതിനായി എല്ലാവിധ പിന്തുണയും നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ബന്ദികളാക്കപ്പെട്ടവരെ എത്രയും പെട്ടന്ന് സുരക്ഷിതമായി മോചിപ്പിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം നെതന്യാഹുവിനോട് പറഞ്ഞു.
അതിനിടെ ഹസൻ നസറുള്ളയുടെ പാത പിന്തുടർന്ന് ഗാസയ്‌ക്ക് പിന്തുണ നൽകുമെന്ന് ഹിസ്ബുള്ളയിലെ രണ്ടാമൻ എന്ന് വിശേഷിപ്പിക്കുന്ന ഷെയ്ഖ് നയിം ഖാസിമിന്റെ വീഡിയോ സന്ദേശം പുറത്തു വന്നിരുന്നു. അന്തിമ വിജയം നേടുന്നത് വരെ ലക്ഷ്യത്തിൽ നിന്നും പിന്മാറില്ലെന്നും ഖാസിം പറഞ്ഞു.















