ബെംഗളൂരു: ഇലക്ടറൽ ബോണ്ട് വഴി പണം തട്ടിയെന്ന കേസിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അടക്കമുള്ളവർക്കെതിരായ അന്വേഷണം സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ബിജെപി നേതാവ് നളിൻ കുമാർ കട്ടീൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം.നാഗപ്രസന്ന അദ്ധ്യക്ഷനായ സിംഗിൾ ജഡ്ജി ബെഞ്ചിന്റെ ഉത്തരവ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇലക്ടറൽ ബോണ്ട് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെയായിരുന്നു ഒരു അഭിഭാഷകൻ കോടതിയെ സമീപിച്ചത്.
ഇലക്ടറൽ ബോണ്ടിലൂടെ നടന്നത് കൊള്ളയാണെന്നും കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അടക്കമുള്ളവർ അതിൽ പങ്കാളിയാണെന്നുമായിരുന്നു പരാതി. ഈ ഹർജി പരിഗണിച്ചാണ് നിർമല സീതാരാമനെതിരെ കേസെടുക്കാൻ ബെംഗളൂരുവിലെ പ്രത്യേക കോടതി നിർദേശിച്ചത്. നിർമല സീതാരാമന് പുറമെ ജെ പി നദ്ദ, നളിൻ കുമാർ കട്ടീൽ, കർണാടക ബിജെപി അദ്ധ്യക്ഷൻ ബി വൈ വിജയേന്ദ്ര എന്നിവർക്കെതിരെയും കീഴ്‌ക്കോടതി നിർദേശപ്രകാരം കേസെടുത്തിരുന്നു.
ഇതിനെതിരെ നൽകിയ ഹർജി പരിഗണിച്ചാണ് കർണാടക ഹൈക്കോടതിയുടെ ഉത്തരവ്. ഒബ്ജക്ഷൻ ഫയൽ ചെയ്യുന്നതുവരെ തുടർനടപടികൾ അനുവദിക്കുന്നത് നിയമത്തിന്റെ ദുരുപയോഗമായി മാറുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ കേസ് പരിഗണിക്കുന്ന അടുത്ത തിയതി വരെ ഈ കേസിൽ തുടർനടപടികൾ ഉണ്ടാകരുതെന്നും കോടതി അറിയിച്ചിട്ടുണ്ട്. രാഷ്‌ട്രീയവൈരം മുൻനിർത്തി നൽകിയ കേസിൽ കോൺഗ്രസിന് കിട്ടിയ തിരിച്ചടിയാണിതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. നിർമല സീതാരാമന്റെ രാജി ആവശ്യപ്പെട്ട കോൺഗ്രസ് നേതാക്കൾക്ക് ലഭിച്ച മറുപടിയാണ് ഈ ഹൈക്കോടതി ഉത്തരവെന്നും അവർ ചൂണ്ടിക്കാട്ടി.















