തൃശൂർ: സേലം റെയിൽവേ ഡിവിഷന് കീഴിൽ വിവിധ ഭാഗങ്ങളിൽ അറ്റകുറ്റപ്പണകൾ നടക്കുന്ന സാഹചര്യത്തിൽ ട്രെയിൻ സർവീസുകൾക്ക് മാറ്റം. വിവിധ റൂട്ടുകളിലായി ഏഴോളം സർവീസുകളാണ് മാറ്റിയത്. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ സർവീസുകളിൽ മാറ്റമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു.
ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്ക് തിരുച്ചിറപ്പള്ളിയിൽ നിന്നും പുറപ്പെടേണ്ട തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ എക്സ്പ്രസ് ട്രെയിൻ ഉച്ചയ്‌ക്ക് ശേഷം 2.45-നായിരിക്കും പുറപ്പെടുക. തിരുച്ചിറപ്പള്ളിയിൽ നിന്നും കരൂർ വരെയുള്ള ട്രെയിൻ സർവീസ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
സേലം ഡിവിഷന് കീഴിലുള്ള മേഖലകളിൽ ഒക്ടോബർ മൂന്ന്, അഞ്ച്, ഏഴ് തീയതികളിൽ എറണാകുളം ജംഗ്ഷൻ ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിന് 50 മിനിറ്റും ആലപ്പുഴ ധൻബാദ് എക്സ്പ്രസ് ട്രെയിനിന് 45 മിനിറ്റും നിയന്ത്രണം ഉണ്ടായിരിക്കും.
ഒക്ടോബർ മൂന്ന്, അഞ്ച്, ഏഴ് തീയതികളിൽ എറണാകുളത്ത് നിന്നും പുറപ്പെടേണ്ട എറണാകുളം ജംഗ്ഷൻ ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിൻ പോത്തനൂർ ജംഗ്ഷൻ, കോയമ്പത്തൂർ ജംഗ്ഷൻ വഴി തിരിച്ചുവിടും. കോയമ്പത്തൂർ ജംഗ്ഷനിൽ അധിക സ്റ്റോപ്പുകളും അനുവദിച്ചതായി റെയിൽവേ വ്യക്തമാക്കി.