തിരുവനന്തപുരം: ഹനുമാൻ കുരങ്ങുകളെ കൂടുകളിലേക്ക് തിരികെ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ തിരുവനന്തപുരം മൃഗശാലയ്ക്ക് ഇന്ന് അവധി. മ്യൂസിയത്തിനകത്ത് സന്ദർശകരെ പ്രവേശിപ്പിച്ചാൽ കുരങ്ങുകളെ താഴെയിറക്കാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് അവധി നൽകാൻ തീരുമാനിച്ചത്.
മൂന്ന് കുരങ്ങുകളാണ് ഇന്നലെ മൃഗശാലയിൽ നിന്നും ചാടിപ്പോയത്. കുരങ്ങുകൾ മൃഗശാലയ്‌ക്കുള്ളിലെ മരത്തിൽ തന്നെയുണ്ട്. തീറ്റ കാണിച്ച് ഇവയെ താഴെയിറക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും നടന്നില്ല. മയക്കുവെടി വയ്‌ക്കുന്നത് പ്രായോഗികമല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
ഇന്നലെ രാവിലെ ജീവനക്കാർ ഭക്ഷണം നൽകാനെത്തിയപ്പോഴാണ് മൂന്ന് ഹനുമാൻ കുരങ്ങുകളെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃഗശാലയുടെ പരിസരത്തുള്ള വല്ലഭ മരത്തിന് മുകളിൽ കുരങ്ങുകളെ കണ്ടെത്തുകയായിരുന്നു. മൂന്ന് പെൺ കുരങ്ങുകളാണ് ചാടിപ്പോയത്.