കൊൽക്കത്ത: കൊൽക്കത്തയിൽ വീണ്ടും പൂർണ തോതിൽ സമരം ആരംഭിച്ച് ജൂനിയർ ഡോക്ടർമാർ. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് ശേഷം സംസ്ഥാനത്തെ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് സുരക്ഷ ശക്തമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്ത് നിന്നും തുടർനീക്കങ്ങളൊന്നും ഉണ്ടായില്ലെന്ന് ആരോപിച്ചാണ് ജൂനിയർ ഡോക്ടർമാർ സമരം പുനരാരംഭിക്കാൻ തീരുമാനിച്ചത്.
42 ദിവസത്തോളമായി തുടർന്നു വന്നിരുന്ന സമരം അവസാനിപ്പിച്ചാണ് സെപ്തംബർ 21ന് സർക്കാരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ ജൂനിയർ ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിച്ചത്. ഡോക്ടർമാരുടെ എല്ലാ ആവശ്യങ്ങളും പത്ത് ദിവസത്തിനുള്ളിൽ പരിഗണിക്കുമെന്ന ഉറപ്പും സർക്കാർ നൽകിയിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യങ്ങളിന്മേൽ സർക്കാരിൽ നിന്ന് യാതൊരു തരത്തിലും അനുകൂലമായ സമീപം ഇല്ലെന്ന് ആരോപിച്ചാണ് ഇന്ന് രാവിലെ 10 മണി മുതൽ ഡോക്ടർമാർ വീണ്ടും ജോലി നിർത്തിവച്ച് പ്രതിഷേധിക്കാൻ ആരംഭിച്ചത്.
കഴിഞ്ഞ ദിവസം സർക്കാരിന്റെ കീഴിലുള്ള സാഗർ ദത്ത മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെയുണ്ടായ അതിക്രമവും ഇവർ ചൂണ്ടിക്കാണിക്കുന്നു. രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ മർദ്ദിച്ചത് അംഗീകരിക്കാനാകില്ലെന്നും ഇവർ പറയുന്നു. തുടർച്ചയായുണ്ടായ ഇത്തരം സംഭവങ്ങൾ സുരക്ഷാ വീഴ്ചയാണെന്നാണ് ഇവർ പറയുന്നത്.
പ്രതിഷേധത്തിന്റെ 52ാം ദിവസവും മമത ബാനർജി നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടില്ലെന്ന് ഡോ അനികേത് മഹാതോ ആരോപിച്ചു. ഈ സാഹചര്യത്തിൽ ജോലി നിർത്തിവച്ച് വീണ്ടും പ്രതിഷേധത്തിലേക്ക് കടക്കുക എന്നത് മാത്രമാണ് തങ്ങൾക്ക് മുൻപിലുള്ള ഏക മാർഗമെന്നും ഇവർ പറയുന്നു. ഇതിന്റെ ഭാഗമായി നാളെ കൊൽക്കത്തയിൽ പ്രതിഷേധ റാലി നടത്തുമെന്നും ഡോക്ടർമാർ അറിയിച്ചു.
ഇന്നലെ കേസ് പരിഗണിച്ച സുപ്രീംകോടതിയും ബംഗാൾ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഡോക്ടർമാർക്ക് സുരക്ഷാ സംവിധാനം ഉറപ്പാക്കുന്നതിൽ പുരോഗതി ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. എന്നാൽ സംസ്ഥാനത്തെ പ്രളയക്കെടുതി മൂലമാണ് ഇതിൽ കാലതാമസം വരുന്നതെന്നും, സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ ഒക്ടോബർ 15 വരെ സമയം നീട്ടി നൽകണമെന്നും സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.















