കോട്ടയം: ചങ്ങനാശേരിയിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചുപൂട്ടി. തൊഴിലാളികളുടെ ക്ഷാമത്തെ തുടർന്നാണ് അടച്ചുപൂട്ടുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. ചങ്ങനാശേരിയിലെ കുരിശുംമൂടാണ് കോഫി ഹൗസ് പ്രവർത്തിക്കുന്നത്. നിരവധി രാഷ്‌ട്രീയ, സാംസ്കാരിക ചർച്ചകൾക്കാണ് ഈ കോഫി ഹൗസ് സാക്ഷ്യം വഹിച്ചിട്ടുള്ളത്.
ലാഭമില്ലാത്തതിനെ തുടർന്നാണ് കോഫി ഹൗസ് പൂട്ടുന്നതെന്നും വിവരമുണ്ട്. വ്യത്യസ്തമായ ഭക്ഷണങ്ങളാണ് കോഫി ഹൗസിന്റെ സവിശേഷത. അതിൽ പ്രധാനമാണ് ബീറ്റ്റൂട്ട് ചേർത്ത മസാല ദോശ. മസാല ദോശയ്‌ക്ക് ഇഷ്ടക്കാർ ഏറെയാണ്. കോഫി ഹൗസ് പൂട്ടിയതിന് പിന്നാലെ വളരെ വൈകാരികമായാണ് സ്ഥിരം സന്ദർശകർ പ്രതികരിക്കുന്നത്.
കോഫി ഹൗസിലെത്തി ഒരു ചായ കുടിക്കുന്നത് മാറ്റാനാകാത്ത ശീലമാണെന്നും ഇനി അത് ഇല്ലെന്ന് ഓർക്കുമ്പോൾ ഏറെ സങ്കടമുണ്ടെന്നും സന്ദർശകർ പറയുന്നു. കോഫി ഹൗസ് പൂട്ടാനുള്ള തീരുമാനം പെട്ടെന്നായിരുന്നുവെന്നും തങ്ങളെ പോലും ഞെട്ടിച്ചെന്ന് ജീവനക്കാർ പ്രതികരിച്ചു.
1977 ലാണ് ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിൽ കോഫി ഹൗസ് പ്രവർത്തനം ആരംഭിച്ചത്. ആദ്യ കാലങ്ങളിൽ വലിയ തിരക്ക് ഉണ്ടായിരുന്നെങ്കിലും കാലക്രമേണ അത് കുറയാൻ തുടങ്ങി. ഇന്ന് ബസ് സ്റ്റാൻഡിന് പരിസരത്ത് വഴിയോര ചായക്കടകളും, തട്ടുകടകളും, വീട്ടിലെ ഊണും വ്യാപകമായാതോടെയാണ് കോഫി ഹൗസിന് തിരിച്ചടിയായത്.















