എറണാകുളം: യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാകില്ല. നോട്ടീസ് കിട്ടിയാൽ സിദ്ദിഖ് ഹാജരാകുമെന്ന് അഭിഭാഷകൻ പറഞ്ഞു. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് ശേഷവും സിദ്ദിഖ് ഒളിവിൽ തന്നെ തുടരുകയാണ്. ഇന്നോ നാളെയോ നോട്ടീസ് അയയ്‌ക്കാനാണ് പൊലീസിന്റെ തീരുമാനം. അന്വേഷണ സംഘം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമപോദേശം തേടിയിട്ടുണ്ട്.
സിദ്ദിഖ് എവിടെയുണ്ടെന്ന കാര്യത്തിൽ യാതൊരു സൂചനയുമില്ലെന്നും മൊബൈൽ ഫോൺ ഇപ്പോഴും സ്വിച്ച് ഓഫാണെന്നും പൊലീസ് അറിയിച്ചു. തിരുവനന്തപുരത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ സിദ്ദിഖ് ഇന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലോ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലോ ഹാജരായേക്കുമെന്നായിരുന്നു നിഗമനം.
കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നടപടി. സിദ്ദിഖിനെ അറസ്റ്റ് ചെയ്താൽ വിചാരണ കോടതിയിൽ ഹാജരാക്കണമെന്നും വിചാരണ കോടതി ജാമ്യം നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.