തിരുവനന്തപുരം: ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂൾ വെങ്ങാനൂരിൽ കൊയ്‌ത്തുപാട്ടുകൾ അലയടിച്ചപ്പോൾ കൊയ്‌ത്തിനെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്‌കൂളിലെ വിദ്യാർത്ഥി കർഷകരുടെ നൂറുമേനി വിളഞ്ഞ നെൽകൃഷി കൊയ്യാനാണ് സുരേഷ് ഗോപിയെത്തിയത്. പാളത്തൊപ്പിയണിഞ്ഞ് മന്ത്രി പാടത്ത് ഇറങ്ങിയതോടെ കർഷകരുടെ പാരമ്പര്യ വേഷം ധരിച്ച് കുരുന്നുകളും കൊയ്‌ത്തിനിറങ്ങി. കൊയ്‌ത്തുപാട്ടിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് കൊയ്‌ത്തുത്സവം ആരംഭിച്ചത്.
നൂറുമേനി കൊയ്‌തെടുത്ത ശേഷം വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും സുരേഷ് ഗോപി സംവദിച്ചു. വിദ്യാർത്ഥി കർഷകർക്കൊപ്പം കുറച്ചു നേരം ചെലഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. തുടർന്ന് വിദ്യാർത്ഥികൾ കൃഷിയിമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
നെൽകൃഷിയെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ ഇത്തരം വിളവെടുപ്പ് ഉത്സവങ്ങൾ സഹായിക്കുമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. വിളവെടുത്ത നെല്ല് അരിയാക്കുന്നത് വരെയുള്ള ഘട്ടങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തും. ഈ അരി ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് സദ്യയൊരുക്കുമെന്നും അധികൃതർ അറിയിച്ചു.