മൈസൂരു: മുഡ അഴിമതിക്കേസിൽ വിവാദമായ വിവാദ ഭൂമി തിരികെ സർക്കാരിന് നൽക്കാനൊരുങ്ങി സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി. 14 പ്ലോട്ടുകൾ ആണ് മുഡയ്‌ക്ക് തിരികെ നൽകാൻ പാർവതി തീരുമാനിച്ചത്.
ഇതോടെ സംസ്ഥാന-ദേശീയ രാഷ്‌ട്രീയത്തിൽ രൂക്ഷമായ ചർച്ചകൾക്കും ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും കാരണമായ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കുടുംബത്തിനെതിരെയുള്ള മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി കുംഭകോണത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടായിരിക്കുകയാണ്.
ഭൂമി തിരികെ നൽകുന്നത് സംബന്ധിച്ച് മുഡ കമ്മീഷണർക്ക് പാർവതി കത്ത് നൽകിയിട്ടുണ്ട്. മുഡ അഴിമതിക്കേസിൽ സിദ്ധരാമയ്യയ്‌ക്കെതിരെ ലോകായുക്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ അടുത്തിടെ ഇഡി ഇസിഐആർ ഫയൽ ചെയ്തതിന് പിന്നാലെയാണ് പാർവതിയുടെ നീക്കം.
ലോകായുക്ത സമർപ്പിച്ച എഫ്ഐആർ: മുഡ അഴിമതിയിൽ ലോകായുക്ത സമർപ്പിച്ച എഫ്ഐആറിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ എ1 പ്രതിയാണ്. ഭാര്യ ബിഎം പാർവതി എ2, സിദ്ധരാമയ്യയുടെ മരുമകൾ മല്ലികാർജുന സ്വാമി എ3, ഭൂമി ഉടമ ദേവരാജു എ4 എന്നിവരാണ് പ്രതികൾ.