തിരുവനന്തപുരം: പി.ശശിക്കെതിരായ പരാതി പുറത്ത് വിട്ട് പി.വി അൻവർ എംഎൽഎ. സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന് നൽകിയ പരാതിയുടെ പകർപ്പാണ് അൻവർ മാദ്ധ്യമങ്ങൾക്ക് കൈമാറിയത്. 5 പേജുള്ള പരാതിയിൽ അതീവ ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ഉയർത്തിയിരിക്കുന്നത്. സെപ്തംബർ 13 നാണ് പരാതി കൈമാറിയത്,
മുഖ്യമന്ത്രിയുടെ ഓഫീസിനും പദവിക്കും കളങ്കം വരുത്തുന്ന തരത്തിലാണ് ശശിയുടെ പെരുമാറ്റം എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകളുടെ നമ്പർ കൈക്കലാക്കി അവരോട് ശൃംഗാരിക്കുന്നത് ശശിയുടെ പതിവാണ്. അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നാല്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും നാണക്കേടും മാനക്കേടും വൈകാതെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്
സർക്കാർ തലത്തിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകളിലടക്കം ഇടപെട്ട് കമ്മീഷൻ കൈപ്പറ്റുന്നുണ്ട്. കൂടാതെ ബിസിനസ് തർക്കങ്ങളിൽ ഇടപെട്ട് അതിന്റെ പേരിലും പണം പിടുങ്ങാറുണ്ട്. പ്രശ്നങ്ങൾ ഒതുക്കി തീർക്കാൻ പലതരത്തിലുള്ള പാരിതോഷികവും ശശി വാങ്ങാറുണ്ട്, തുടങ്ങി നിരവധി ആരോപണങ്ങളാണ് അൻവർ ശശിക്കെതിരെ ഉന്നയിക്കുന്നത്.
അൻവറിന്റെ ആരോപണങ്ങൾ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ മാത്രമാണെന്നും ഔദ്യോഗികമായി നൽകിയിട്ടില്ലാത്തതിനാൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നുമാണ് എം.വി ഗോവിന്ദന്റെ കഴിഞ്ഞ ദിവസം അടക്കം പറഞ്ഞത്. പരാതി രേഖാമൂലം കൈപ്പറ്റിയിട്ടും പി. ശശിക്കെതിരെ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് അൻവർ പരാതി പുറത്ത് വിട്ടത്.
അതേസമയം, എല്ലാം പാര്‍ട്ടിയും മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ടെന്നും അതില്‍ കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു പി. ശശിയുടെ പ്രതികരണം.















