കാൺപൂർ: കാൺപൂർ ടെസ്റ്റിലും ബംഗ്ലാദേശിനെതിരെ ഇന്ത്യയ്‌ക്ക് ഏഴ് വിക്കറ്റ് വിജയം. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്‌സ് സ്‌കോർ 146 റൺസിലൊതുങ്ങിയതോടെ ഇന്ത്യ അനായാസ ജയം ഉറപ്പിക്കുകയായിരുന്നു. 95 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്‌സിൽ ഇറങ്ങിയ ഇന്ത്യ 17.2 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
രണ്ടര ദിവസത്തിലേറെ മഴ തടസപ്പെടുത്തിയ കളിയിലാണ് ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഇന്ത്യ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കി. ചെപ്പോക്കിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 280 റൺസിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനത്തോടെയാണ് രണ്ട് കളികളിലും ഇന്ത്യ വിജയം നേടിയത്.
ഒന്നാമിന്നിംഗ്‌സിൽ 233 റൺസായിരുന്നു ബംഗ്ലാദേശ് നേടിയത്. എന്നാൽ മഴ വില്ലനായതോടെ ഇന്ത്യയ്‌ക്കും കാര്യങ്ങൾ അനുകൂലമാക്കുന്നത് വെല്ലുവിളിയായി. കളിയുടെ നാലാം ദിനം ഒന്നാമിന്നിംഗ്‌സ് ബാറ്റിംഗ് 285 റൺസിൽ നിൽക്കവേ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. യശ്വസി ജയ്‌സ്വാളിന്റെയും കെഎൽ രാഹുലിന്റെയും അർദ്ധസെഞ്ചുറികളുടെ ബലത്തിലായിരുന്നു ഇന്ത്യയുടെ പ്രകടനം. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യയ്‌ക്ക് വേണ്ടി ജസ്പ്രീത് ബൂമ്രയും രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തി.
രണ്ടാമിന്നിംഗ്‌സിലും ബംഗ്ലാദേശിന് ബാറ്റിംഗിൽ ശോഭിക്കാനായില്ല. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ചുറി പ്രകടനവുമായി (107 റൺസ് ) മുന്നിൽ നിന്ന മൊമിനുൾ ഹഖിന് രണ്ട് റൺസെടുത്ത് പുറത്തുപോകേണ്ടി വന്നു. 50 റൺസെടുത്ത ശബ്ദ്മാൻ ഇസ്ലാമും 37 റൺസെടുത്ത മുഷ്ഫിഖർ റഹീമുമാണ് ഭേദപ്പെട്ട ബാറ്റിംഗ് നടത്തിയത്. 19 റൺസെടുത്ത നജ്മുൽ ഹുസൈനും 10 റൺസെടുത്ത സാക്കിർ ഹസനുമൊഴികെ ആർക്കും രണ്ടക്കം കടക്കാനായില്ല. 47 ഓവറിൽ ബംഗ്ലാദേശിന്റെ വീര്യം 146 റൺസിലൊതുങ്ങി.
തുടർന്ന് 95 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ യശസ്വി ജയ് സ്വാളിന്റെ അർദ്ധസെഞ്ചുറിയുടെയും (45 പന്തിൽ 51) പുറത്താകാതെ 29 റൺസ് നേടിയ വിരാട് കൊഹ്ലിയുടെയും മികവിലാണ് വിജയം വേഗം കൈപ്പിടിയിൽ ഒതുക്കിയത്. രണ്ട് ഇന്നിംഗ്‌സുകളിലും അർദ്ധസെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാൾ ആണ് കളിയിലെ താരം.















