മുംബൈ: പരിക്കേറ്റ വാർത്തയറിഞ്ഞ് തനിക്കായി പ്രാർത്ഥിച്ച ആരാധകർക്ക് നന്ദിയറിയിച്ച് നടനും ശിവസേന നേതാവുമായ ഗോവിന്ദ. ഓഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ആരാധകരോട് സംവദിച്ചത്.
“എന്റെ ശരീരത്തിൽ ബുള്ളറ്റ് തറച്ചു. അത് പുറത്തെടുക്കുകയും തെയ്തു. നിങ്ങളുടെ പ്രാർത്ഥനകൾക്കും ഇവിടുത്തെ ഡോക്ടർമാർക്കും നന്ദി. “- ഇതായിരുന്നു ഗോവിന്ദയുടെ വാക്കുകൾ.
ചൊവ്വാഴ്ച പുലർച്ചെ 4.45ഓടെ മുംബൈയിലെ ജുഹുവിലുള്ള വീട്ടിൽ വച്ചായിരുന്നു ഗോവിന്ദയുടെ കാൽമുട്ടിന് താഴെയായി വെടിയേറ്റത്. കൊൽക്കത്തയിലെ ഒരു ഷോയിൽ പങ്കെടുക്കാൻ രാവിലെ എയർപോർട്ടിലേക്ക് പുറപ്പെടുന്നതിനിടെയായിരുന്നു അപകടം. താമസസ്ഥലത്ത് അദ്ദേഹം ഒറ്റയ്‌ക്കായിരുന്നു ഉണ്ടായിരുന്നത്.
ലൈസൻസുള്ള റിവോൾവറാണ് ഗോവിന്ദയുടേത്. അലമാരിയിൽ വച്ചിരുന്ന തോക്ക് പെട്ടെന്ന് താഴെ വീഴുകയും വെടി പൊട്ടുകയുമായിരുന്നു. കാൽമുട്ടിന് താഴെ വെടിയേറ്റതിനാൽ കഷ്ടിച്ച് രക്ഷപ്പെട്ടു. ബുള്ളറ്റ് തറച്ചയുടനെ അദ്ദേഹം കൊൽക്കത്തയിലുള്ള ഭാര്യ സുനിത അഹൂജയെ ഫോൺ ചെയ്ത് പറയുകയായിരുന്നു. ഉടൻ പൊലീസ് സ്ഥലത്തെത്തുകയും നടനെ ക്രിട്ടികെയർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മകൾ ടീന അദ്ദേഹത്തോടൊപ്പമുണ്ട്. രണ്ട് ദിവസത്തിന് ശേഷം ആശുപത്രി വിടാമെന്നും ഡോക്ടർമാർ അറിയിച്ചു. ഗോവിന്ദയുടെ ഭാര്യ സുനിത കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.















