ന്യൂഡൽഹി: യഥാർത്ഥ നിയന്ത്രണ രേഖയിലെ (LAC) ചൈനയുടെ ‘ഗ്രേ സോൺ’ തന്ത്രങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഇരുരാജ്യങ്ങളുടെയും അതിർത്തിയിൽ സ്ഥിതിഗതികൾ നിലവിൽ സ്ഥിരതയോടെ മുന്നോട്ട് പോകുന്നുണ്ടെങ്കിലും കാര്യങ്ങൾ സാധാരണഗതിയിൽ അല്ലെന്ന് അദ്ദേഹം സൂചന നൽകി. ചാണക്യ ഫോറം ഡയലോഗിന്റെ മുന്നോടിയായി നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ പ്രതിരോധ നിലപാട്, പ്രാദേശിക സ്ഥിരത, സംയുക്ത സൈനിക ആസൂത്രണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള പ്രധാന ഉൾക്കാഴ്ചകൾ അദ്ദേഹം പങ്കുവച്ചു. വടക്കൻ അതിർത്തികളിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ചചെയ്യുമ്പോൾ, നയതന്ത്ര ഭാഗത്തുനിന്നും പോസിറ്റിവ് ആയ സൂചനകൾ ലഭിക്കുന്നുണ്ട്. എന്നാൽ യാഥാർഥ്യത്തിലേക്ക് വരുമ്പോൾ സ്ഥിതിഗതികൾ സാധരണ നിലയിലേക്കു എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആശങ്കാജനകമായ മേഖലകളിൽ 2020 നുമുൻപുള്ള സമാധാനാന്തരീക്ഷം പുനസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും കരസേനാമേധാവി പറഞ്ഞു.
ഗ്രേ സോൺ യുദ്ധ സാഹചര്യം എന്നത് ആധുനിക കാലഘട്ടത്തിൽ ചൈന നിരന്തരം തുടർന്നുകൊണ്ടിരിക്കുന്ന സംഘട്ടനങ്ങളാണ്. കാർഗിൽ, ഗാൽവൻ, ഡോക് ലാം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ സൈന്യത്തിന് എല്ലാ തലങ്ങളിലുമുള്ള ഏകീകൃത മനോഭാവം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.