കൊച്ചി: റോഡുകളുടെ ശോച്യാവസ്ഥയിൽ സർക്കാരിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും റോഡുകൾ എങ്ങനെ ശോചനീയാവസ്ഥയിലെത്തിയെന്ന് കോടതി ആരാഞ്ഞു. റോഡ് തകർന്ന് കിടക്കുകയാണെന്ന് എവിടെയെങ്കിലും ബോർഡ് വച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. എന്നിട്ടാണ് ഹെൽമെറ്റില്ലാത്തതിന്റെ പേരിലും ഓവർ സ്പീഡിനും പിഴയീടാക്കുന്നതെന്നും കോടതി വിമർശിച്ചു.
റോഡപകടങ്ങളിൽ പെടുന്നവർക്ക് എന്തുകൊണ്ട് നഷ്ടപരിഹാരം നൽകുന്നില്ലെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. റോഡിലൂടെ ഓടുന്ന വാഹനങ്ങൾ നികുതി തരുന്നില്ലേ. പുതിയതായി നിർമ്മിച്ച റോഡിൽ പോലും എങ്ങനെയാണ് കുഴികൾ ഉണ്ടാകുന്നതെന്നും ആരാണ് തങ്ങളുടെ ജീവന് സുരക്ഷിതത്വം നൽകുകയെന്നാണ് സാധാരണക്കാരന്റെ ചോദ്യമെന്നും കോടതി പറഞ്ഞു. ഏതൊരു ജീവനും മൂല്യമുള്ളതാണെന്നും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കുഴികൾ ഉണ്ടായാൽ ഉടൻ അടക്കുമെന്ന സർക്കാർ വാദം കോടതി പരിഹസിച്ചു തളളി. എങ്ങനെയാണ് കുഴികൾ ഉണ്ടാകുന്നതെന്ന് കോടതി ചോദിച്ചു. റോഡിൽ എന്നെങ്കിലും സേഫ്റ്റി ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്ന് പഡബ്ല്യൂഡിയോട് കോടതി ചോദിച്ചു. ഉണ്ടെങ്കിൽ ഒരെണ്ണമെങ്കിലും കാണിക്കാൻ കോടതി പറഞ്ഞു. സേഫ്റ്റി ഓഡിറ്റ് റോഡ് സേഫ്റ്റി അതോറിറ്റി നടത്തിയിട്ടുണ്ടെന്ന് സർക്കാർ പറഞ്ഞു.
എന്നാൽ ഇന്ത്യയെക്കാൾ മഴ പെയ്യുന്ന സ്ഥലങ്ങൾ ലോകത്തുണ്ടെന്നും അവിടെയൊന്നും റോഡുകളില്ലേയെന്നും കോടതി ചോദിച്ചു. കേരളത്തിൽ മഴ കൂടുതലാണെന്നും അതുകൊണ്ടാണ് റോഡുകൾ അടിക്കടി തകരുന്നതെന്നുമുളള വാദമാണ് പലപ്പോഴും അധികൃതർ ന്യായീകരണമായി മുന്നോട്ടുവച്ചത്.
കുന്നംകുളം റോഡിന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയും കോടതി വിമർശിച്ചു. കുന്നംകുളം റോഡിന്റെ അപകടാവസ്ഥയിൽ തൃശ്ശൂർ ജില്ലാ കളക്ടർക്ക് നോട്ടീസ് അയയ്‌ക്കട്ടെയെന്ന് കോടതി ചോദിച്ചു. എപ്പോൾ പുതിയൊരു കേരളം കാണാനാകുമെന്നും സർക്കാരിനോട് കോടതി ചോദിച്ചു.