ന്യൂഡൽഹി: അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹ ഭാഗങ്ങൾ ഭക്ഷിച്ച മകന്റെ വധശിക്ഷ ശരിവച്ച് ബോംബെ ഹൈക്കോടതി. കോലാപ്പൂർ സ്വദേശി സുനിൽ കുച്ച്കൊരാവിയുടെ വധശിക്ഷയാണ് കോടതി ശരിവെച്ചത്. ജസ്റ്റിസ് രേവതി മോഹിതെ ദേരെ, ജസ്റ്റിസ് പ്രിത്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി പറഞ്ഞു. പ്രതി തന്റെ അമ്മയെ കൊലപ്പെടുത്തുക മാത്രമല്ല അവരുടെ ശരീരഭാഗങ്ങൾ വേർപെടുത്തി. തലച്ചോറും ഹൃദയവും കരളും വൃക്കയുമെല്ലാം പാകം ചെയ്ത് ഭക്ഷിക്കുകയും ചെയ്തു. മൃതദേഹത്തിൽ വാരിയെല്ലുകളോ കുടലോ പോലും അവശേഷിപ്പിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.
സംഭവം ക്രൂരവും പൈശാചികവുമാണ്. ഒരു നരഭോജിയുടെ കേസാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചാൽ സമാനമായ കുറ്റകൃത്യം വീണ്ടും ആവർത്തിക്കുമെന്ന് നിരീക്ഷിച്ച കോടതി വധശിക്ഷ ശരിവയ്‌ക്കുകയായിരുന്നു.
2017 ലാണ് സംഭവം. മദ്യം വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്നാണ് പ്രതി 63 കാരിയായ അമ്മ യെല്ലമ്മ രമ കുച്ച്കൊരാവിയെ ക്രൂരമായി കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വെട്ടി നുറുക്കി മറവുചെയ്തു. അവയവങ്ങൾ പാനിൽ ഫ്രൈ ചെയ്ത് ഭക്ഷിച്ചു. 2021 ൽ കോലാപ്പൂർ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു.















