ന്യൂഡൽഹി: ലെബനനിൽ അടുത്തിടെ നടന്ന പേജർ സ്ഫോടനങ്ങളെത്തുടർന്ന് രാജ്യത്ത് ചൈനീസ് നിർമ്മിത നിരീക്ഷണ ഉപകരണങ്ങൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിരീക്ഷണ ഉപകരണങ്ങളുടെ വിപണിയിൽ പ്രാദേശിക കമ്പനികൾക്ക് മുൻഗണന നൽകാൻ ലക്ഷ്യമിട്ടുള്ള നടപടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിതരണ ശൃംഖല സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും നിരീക്ഷണ ക്യാമറകളുമായി ബന്ധപ്പെട്ട സർക്കാർ നയം ഒക്ടോബർ 8 മുതൽ പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ടെന്നും കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഈ നീക്കം ചൈനീസ് കമ്പനികളെ വിപണിയിൽ നിന്ന് ഒഴിവാക്കാനും ഇന്ത്യൻ കമ്പനികൾക്ക് വഴിതുറക്കാനും സഹായകമാകും.
ഈ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ലെബനൻ പേജർ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഇതിന്റെ നടപ്പാക്കൽ വേഗത്തിലാക്കാനാണ് സർക്കാർ നീക്കം. പുതിയ CCTV മാർഗനിർദേശങ്ങൾ പ്രകാരം വിശ്വസനീയമായ സ്രോതസ്സിൽ നിന്നുള്ള ഉപകരണങ്ങൾക്കും കമ്പനികൾക്കും മാത്രമേ ഇന്ത്യയിൽ അനുമതി നൽകുകയുള്ളു.
നിലവിൽ CP Plus, Hikvision, Dahua ഇനീ കമ്പനികളുടെ CCTV കളാണ് ഇന്ത്യൻ വിപണിയുടെ 60 ശതമാനവും കയ്യടക്കിയിരിക്കുന്നത്. CP Plus ഇന്ത്യൻ കമ്പനിയും Hikvision, Dahua എന്നിവ ചൈനീസ് കമ്പനികളുമാണ്. സുരക്ഷാ ഭീഷണി മുൻനിർത്തി അമേരിക്കയിൽ ഇതിനോടകം തന്നെ ചൈനീസ് CCTV കൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.