ഭൂട്ടാനെ സംബന്ധിച്ചിടത്തോളം പച്ചമുളക് എന്നത് ആഹാരത്തിന് എരിവ് നൽകാനുള്ള ഒരു പദാർത്ഥമല്ല, മറിച്ച് കറിവെക്കാനുള്ള ഒരു പച്ചക്കറിയായാണ് മുളകിനെ ഭൂട്ടാനീസ് ജനത കണക്കാക്കുന്നത്. അവരുടെ ദേശീയ വിഭവം പോലും പച്ചമുളക് കൊണ്ടുള്ള പ്രത്യേകതരം കറിയാണ്. ഒരു വിഭവത്തിൽ പച്ചമുളക് എന്നത് പ്രധാന ചേരുവയാകുന്നത് എങ്ങനെയെന്നും ഭൂട്ടാൻ കാണിച്ചുനൽകുന്നു.
എമ ദസ്തിയാണ് (Ema Datshi) ഭൂട്ടാന്റെ ദേശീയ വിഭവം. ‘എമ’ എന്നാൽ മുളക്, ‘ദസ്തി’ എന്നാൽ ചീസ്. ഈ രണ്ട് പ്രധാന ചേരുവകൾ മാത്രമാണ് വിഭവം തയ്യാറാക്കാൻ വേണ്ടത് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. നടി ദീപിക പദുക്കോൺ ഒരിക്കൽ തന്റെ ഇന്റർവ്യൂവിനിടയിൽ പോലും ഈ വിഭവത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. നിരവധി ഇന്ത്യക്കാരുടെ ഫേവറേറ്റ് ലിസ്റ്റിൽ ഇടംപിടിച്ച എമ ദസ്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
സാധാരണ പച്ചമുളക് കൂടാതെ ഹാലപ്പീനോ മുളകും ഇതിനായി ഉപയോഗിക്കാം. ഇടത്തരം വലിപ്പവും കൂടുതൽ കട്ടിയുമുള്ള മുളകാണ് ഹാലപ്പീനോ. ഇവ ഒരു പത്തെണ്ണവും സാധാരണ പച്ചമുളക് ആറെണ്ണവും എടുക്കാം. മുളകിന്റെ തണ്ട് കളഞ്ഞ് നടുകീറി വെക്കുക. ഒരു സവാള അരിഞ്ഞതും ആറ് വെളുത്തുള്ളി അരിഞ്ഞതും ഒരു തക്കാളി അരിഞ്ഞതും ആവശ്യമാണ്. ചൂടായ പാനിലേക്ക് എണ്ണയൊഴിച്ച് ഹാലപ്പീനോയും പച്ചമുളകും അരിഞ്ഞുവച്ചിരിക്കുന്ന മറ്റ് സാധനങ്ങളും ഇട്ട് നല്ലപോലെ ഇളക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർക്കാവുന്നതാണ്. മീഡിയം തീയിൽ ഇത് മൂടിവച്ച് വേവിക്കുക. 15 മിനിറ്റിന് ശേഷം മുളക് മൃദുലമായി കഴിഞ്ഞാൽ അൽപം വെണ്ണം ചേർക്കുക. ഒപ്പം 100 ഗ്രാം ചീസും ഇടുക. ചീസ് ഉരുകുന്നത് വരെ വേവിക്കുക. ചീസ് കട്ടപിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനായി, ചീസ് ഉരുകിയ ഉടനെ തീ ഓഫ് ചെയ്യുന്നതാണ് നല്ലത്. ശേഷം രുചി നോക്കാം, ഉപ്പ് കുറവാണെങ്കിൽ ചേർക്കാവുന്നതാണ്. സ്വാദിഷ്ടമായ എമ ദസ്തി തയ്യാർ. ഇത് ഏകദേശം ആറ് പേര‍്‍ക്ക് വരെ കഴിക്കാവുന്നതാണ്. ചോറിന്റെ കൂടെ ഇത് മികച്ച കോമ്പിനേഷനാണ്.
അരമണിക്കൂർ സമയം മാത്രമേ ഈ കറി തയ്യാറാക്കാൻ ആവശ്യമുള്ളൂ. കുറഞ്ഞ തയ്യാറെടുപ്പിൽ അതിവേഗം, ഇത് പാചകം ചെയ്യാം.