തിരുവനന്തപുരം: രജിസ്ട്രേഷൻ ഇല്ലാതെയുള്ള ഡോക്ടർമാരുടെ പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ട് 2021 പ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്തവർ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ആശുപത്രിയിൽ ജോലി ചെയ്യുന്നവർ നിശ്ചിത യോഗ്യതയുള്ളവരാണെന്നും രജിസ്റ്റർ ചെയ്തവരാണെന്നും ഉറപ്പ് വരുത്തേണ്ടത് ആ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.
ജോലിയ്‌ക്ക് നിയോഗിക്കപ്പെടുന്നവർക്ക് ആവശ്യമായ യോഗ്യത ഉണ്ടെന്നുള്ള സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് മാനേജ്മെന്റുകൾ ഉറപ്പാക്കണം. സർക്കാർ സർവീസിൽ ഈ കർത്തവ്യം പി.എസ്.സി.യാണ് നിർവഹിക്കുന്നത്. അത് നിയമനാധികാരികൾ ഉറപ്പ് വരുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എംബിബിഎസ് പഠനം പൂർത്തിയാക്കാത്ത അബു ഏബ്രഹാം ലൂക്ക് എന്ന ആൾ കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ ചികിത്സ നൽകിയ സംഭവത്തെ തുടർന്നാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഇയാൾ ചികിത്സിച്ച ഒരു രോഗി മരിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇയാൾ വ്യാജ ഡോക്ടറാണെന്ന് മനസിലായത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പിലാക്കാൻ എല്ലാവരുടേയും സഹകരണവും മന്ത്രി അഭ്യർത്ഥിച്ചു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പാക്കുന്നതിലെ സ്റ്റേ ഒഴിവാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.
കൊല്ലത്ത് വ്യാജ ഗൈനക്കോളജി സർട്ടിഫിക്കറ്റുമായി ഒരു ഡോക്ടർ നടത്തിയ ചികിത്സയെ തുടർന്ന് 2019ൽ യുവതി മരിച്ച സംഭവത്തിൽ ഫയൽ മുമ്പിലെത്തിയപ്പോഴാണ് ഡോക്ടർ രജിസ്ട്രേഷൻ ഉള്ള ആളാണോ എന്നറിയുന്നതിന് പൊതുസമൂഹത്തിനും ഒരു സംവിധാനം ആവശ്യമാണെന്ന് ചിന്തിച്ചത്. സംസ്ഥാന മെഡിക്കൽ കൗൺസിലിനോട് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റേർഡ് ഡോക്ടർമാരുടെ പേര് മെഡിക്കൽ കൗൺസിൽ വെബ്സൈറ്റിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൗൺസിൽ ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കൗൺസിൽ സൈറ്റിലെ പ്രസ്തുത വിവരം ആവശ്യമുള്ളവർ മാത്രം കാണുന്നതിന് ക്യുആർ കോഡും ലഭ്യമാക്കാൻ കഴിയുമെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
വ്യാജ ഡോക്ടറുടെ ചികിത്സ മൂലം അച്ഛനെ നഷ്ടപ്പെട്ട ഡോ. അശ്വിനുമായി മന്ത്രി സംസാരിച്ചു. കുറ്റക്കാരെ ശിക്ഷിക്കാൻ സർക്കാരിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡോ. അശ്വിനോട് മന്ത്രി പറഞ്ഞു.















