അഗത്തി: വിമാനം റദ്ദാക്കിയതിനെ തുടർന്ന് ലക്ഷദ്വീപിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വാസമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ. അഗത്തി വിമാനത്താവളത്തിൽ കുടുങ്ങിയ 46 പേരെയും കൊച്ചിയിൽ എത്തിക്കാനുളള സംവിധാനമാണ് സുരേഷ് ഗോപിയുടെ ഇടപെടലിൽ സാദ്ധ്യമായത്.
ചൊവ്വാഴ്ചയുളള അലൈൻസ് വിമാനം യന്ത്ര തകരാറിനെ തുടർന്ന് റദ്ദാക്കിയതോടെയാണ് യാത്രക്കാർ അഗത്തി ദ്വീപിൽ കുടുങ്ങിയത്. ലക്ഷദ്വീപ് കാണാനെത്തിയവരുൾപ്പെടെ 46 ഓളം യാത്രക്കാരാണ് തിരിച്ചുവരാൻ ആവാതെ വിമാനത്താവളത്തിൽ കുടുങ്ങിയത്. സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം സംഘത്തിലുണ്ടായിരുന്നു.
ബിജെപി നേതാക്കൾ വഴി വിവരം അറിഞ്ഞ സുരേഷ് ഗോപി വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇവരെ തിരിച്ചുകൊണ്ടുവരാനായി അടിയന്തരമായി രണ്ടു വിമാനങ്ങൾ സുരേഷ് ഗോപി ഇടപെട്ട് ലക്ഷദ്വീപിലേക്ക് അയച്ചു. പ്രശ്‌നത്തിൽ ഇടപെട്ടതിനും പരിഹാരമൊരുക്കിയതിനും സുരേഷ് ഗോപിക്ക് യാത്രക്കാർ നന്ദി പറഞ്ഞു.