ന്യൂഡൽഹി: ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനങ്ങൾ തിരിച്ചിറക്കി സ്വിസ് എയർ. മിസൈൽ ആക്രമണം ശക്തമായത് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെയും ബാധിച്ചു. ഡൽഹിയിലേക്ക് പുറപ്പെട്ട രണ്ട് വിമാനങ്ങൾ തിരിച്ചിറക്കി.
ലുഫ്താൻസയുടെ വിമാനങ്ങളാണ് ഫ്രാങ്ക്ഫട്ടിൽ ഇറക്കിയത്. ഇവിടെ നിന്നും ഹൈദരാബാദിലേക്കും മുംബൈയിലേക്കും പോകേണ്ട വിമാനങ്ങൾ ജർമനിയിലേക്കും തിരിച്ചുവിട്ടു. സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ യുദ്ധമേഖലയിലൂടെയുള്ള യാത്ര ഒഴിവാക്കാനാണ് അധികൃതരുടെ നിർദേശം.
ഇന്ത്യയിലേക്കുള്ള സർവീസുകൾ കൂടുതൽ സമയമെടുക്കുമെന്ന് സ്വിസ് എയർ അറിയിച്ചു. ഓരോ ദിവസത്തെയും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്ന് എയർ ഇന്ത്യയും വ്യക്തമാക്കി. ഇറാഖ്, ഇറാൻ, ജോർദാൻ എന്നിവയുടെ വ്യോമാതിർത്തികളിലൂടെയുള്ള വിമാന സർവീസുകളാണ് കൂടുതലായും റദ്ദാക്കിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിക്കുന്നത് തടയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും ഇതിനായി ശ്രമങ്ങൾ തുടരുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രായേലിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും ഇന്ത്യ നിർദേശം നൽകി. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.















