ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഇരുനേതാക്കൾക്കിടയിലും ചർച്ചയായതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. കിഴക്കൻ യൂറോപ്പിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെൻസ്‌കിയുമായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ അദ്ദേഹം മാക്രോണുമായി പങ്കുവച്ചു.
” ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഫലപ്രദമായ ചർച്ചകൾ നടത്തി. റഷ്യ- യുക്രെയ്ൻ സംഘർഷം, ഹമാസിനും, ഹിസുബുള്ളയ്‌ക്കും എതിരായ ഇസ്രായേൽ സംഘർഷം തുടങ്ങിയവയെ കുറിച്ച് ഇരുനേതാക്കളും ചർച്ചകൾ നടത്തി. മോദി- പുടിൻ ബന്ധവും, മോദി- സെലൻസ്‌കി ബന്ധവും വളരെ ശക്തമാണ്. അതിനാൽ യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് നിർണായകമാണെന്ന് പ്രസിഡന്റ് മാക്രോണും വിശ്വസിക്കുന്നു.”- വിദേശകാര്യ മന്ത്രാലയം കുറിച്ചു.
മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോണുമായും, ഫ്രഞ്ച് പ്രതിരോധമന്ത്രി സെബാസ്റ്റ്യൻ ലെകോർമു, വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ട് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇത് ഫ്രാൻസുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതും ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരതം’ എന്ന സ്വപ്‌നത്തെ പിന്തുണയ്‌ക്കുന്നതുമാണ്. ആണവ അന്തർവാഹിനികൾ, സൈബർ സുരക്ഷ, ബഹിരാകാശ സൈനിക ഉപഗ്രഹങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി സംയുക്തമായി പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഫ്രാൻസ് അറിയിച്ചു.















