ഡെറാഡൂൺ: ആൾമാറാട്ടം നടത്തി ഹിന്ദു യുവതിയെ വിവാഹം കഴിക്കുകയും നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിക്കുകയും ചെയ്ത മുസ്ലിം യുവാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. ഇതിന് കൂട്ടുനിന്ന ഭർതൃപിതാവിന് 2 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ലൗ ജിഹാദ് രാജ്യത്തെ ദുർബലപ്പെടുത്തുമെന്നും ഇത് പാകിസ്താനിലും ബംഗ്ലാദേശിലും കണ്ടുവരുന്ന മാതൃകയാണെന്നും വിധിപുറപ്പെടുവിച്ച ബറേലിയിലെ അതിവേഗ കോടതി ജഡ്ജി രവികുമാർ ദിവാകർ പറഞ്ഞു.
കേസ് പരിഗണിച്ച കോടതി ബറേലിയിലെ ക്ഷേത്രത്തിൽ വച്ചുനടന്ന ഇരുവരുടെയും വിവാഹം അസാധുവാക്കി. 2024-ൽ സംസ്ഥാന സർക്കാർ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന (ഭേദഗതി) നിയമം അവതരിപ്പിച്ചതിന് ശേഷമുളള ആദ്യ വിധിയാണിത്. ഇത്തരം സംഭവങ്ങൾ തടയാൻ സംസ്ഥാന സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
ഉത്തർപ്രദേശിലെ ബറേലിയിലാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദ് ആലിം അഹമ്മദ് (25) എന്ന യുവാവാണ് ആൾമാറാട്ടം നടത്തി 20 വയസുള്ള ഹിന്ദു യുവതിയെ വിവാഹം ചെയ്തത്. എന്നാൽ പിന്നീട് ഇയാളുടെ പിതാവായ സാബിർ ആലമും ഇവരുടെ കുടുംബാംഗങ്ങളും ചേർന്ന് യുവതിയെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിക്കുകയായിരുന്നു. വിവാഹ ശേഷം ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്തുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.
യുവാവ് വിവാഹത്തിനുമുൻപും തന്നെ പലതവണ ബാലത്സംഗം ചെയ്തിട്ടുണ്ടെന്നും ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു.















