മലയാളികളുടെ അടുക്കളയിൽ ആഴ്ചയിൽ ഏഴ് ദിവസവും സ്ഥാനം ഉറപ്പിച്ചിട്ടുള്ള പദാർത്ഥങ്ങളിൽ ഒന്നാണ് വേപ്പില. എന്ത് വിഭവം പാചകം ചെയ്താലും അൽപം വേപ്പില വിതറാതിരിക്കാൻ മലയാളികൾക്ക് കഴിയില്ല. ചിക്കൻ കറി, മീൻ കറി, മാമ്പഴപുളിശേരി, മെഴുക്കുപുരട്ടികൾ, തുടങ്ങി എന്തുതന്നെ തയ്യാറാക്കിയാലും അതിൽ വേപ്പില കാണും. കറിയിൽ നിന്ന് കിട്ടുന്ന വേപ്പില ചവച്ചരച്ച് കഴിച്ചില്ലെങ്കിലും വേപ്പിലയുടെ സാന്നിധ്യം നിർബന്ധമാണ്. ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല, അടുക്കള വൃത്തിയാക്കാനും കേമനാണ് വേപ്പില. കറിവേപ്പിലയുടെ ഗന്ധവും ബാക്ടീരിയകളെ ഇല്ലാതാക്കാനുള്ള കഴിവുമാണ് ഇതിന് സഹായിക്കുന്നത്. വേപ്പില ഉപയോഗിച്ച് അടുക്കള ശുചിയാക്കേണ്ടത് ഇങ്ങനെ..
സിങ്ക് വൃത്തിയാക്കാൻ
അൽപം വേപ്പില എടുത്ത് വെള്ളത്തിലിട്ട് തിളപ്പിക്കുക. ഈ വെള്ളം ചൂടാറിയതിന് ശേഷം സിങ്കിൽ അൽപാൽപമായി ഒഴിച്ചുകൊടുക്കുക. സിങ്കിൽ നിന്ന് വരുന്ന ദുർഗന്ധം ഇല്ലാതാക്കും അടുക്കള ഫ്രഷായി അനുഭവപ്പെടാനും ഇത് സഹായിക്കും.
സ്റ്റൗ വൃത്തിയാക്കാൻ
വേപ്പിലയിൽ അൽപം വെള്ളം ചേർത്ത് മിക്സിയിൽ അരച്ച് പേസ്റ്റാക്കി എടുക്കുക. എണ്ണമെഴുക്ക് പുരണ്ട് വൃത്തികേടായി കിടക്കുന്ന സ്റ്റൗവിൽ ഈ പേസ്റ്റ് പുരട്ടുക. ഏതാനും മിനിറ്റുകൾക്ക് ശേഷം സ്ക്രബ്ബർ ഉപയോഗിച്ച് തേച്ചുരയ്‌ക്കുക. സ്റ്റൗവിന് നിറവും ഭംഗിയും വെക്കുന്നതിനൊപ്പം അടുക്കളയിൽ നല്ല ഗന്ധം ഉണ്ടാവുകയും ചെയ്യും.
ഫ്രിഡ്ജിലെ ദുർഗന്ധം അകറ്റാൻ
കുറച്ച് വേപ്പില എടുത്ത് ചെറിയൊരു ഡപ്പിയിലാക്കി ഫ്രിഡ്ജിൽ വെക്കുക. ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധത്തെ വലിച്ചെടുക്കാൻ ഇത് സഹായിക്കും. കൂടാതെ ഫ്രിഡ്ജ് ഫ്രഷായി ഇരിക്കുകയും ചെയ്യും.
സ്റ്റെയിൻലെസ് സ്റ്റീൽ വൃത്തിയാക്കാൻ
സിങ്കിലും മറ്റ് സ്റ്റെയിൻലെസ് സ്റ്റീൽ ഉപകരണങ്ങളിലും വസ്തുക്കളിലും വേപ്പില വെള്ളം സ്പ്രേ ചെയ്ത് ഉരച്ച് കഴുകാവുന്നതാണ്. ഇത് സ്റ്റെയിൻലെസ് സ്റ്റീൽ വസ്തുക്കൾക്ക് കൂടുതൽ തിളക്കം നൽകാനും ചളിയും കറയും അകറ്റാനും സഹായിക്കും.
ഉറുമ്പിനെ അകറ്റാൻ
ഈർപ്പമില്ലാത്ത വേപ്പില മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ഉറമ്പുകൾ അരിക്കുന്ന സ്ഥലങ്ങളിൽ ഈ പൊടി വിതറുക. മധുരപലഹാരങ്ങൾ സൂക്ഷിച്ചിരിക്കുന്ന ബോക്സിന് ചുറ്റും പൊടിച്ച വേപ്പില ഇടാവുന്നതാണ്. വേപ്പിലയുടെ ഗന്ധം സഹിക്കാനാകാതെ ഉറുമ്പുകളും മറ്റ് പ്രാണികളും ആ പ്രദേശത്തേക്ക് വരില്ല.