ഗായിക അമൃത സുരേഷും നടൻ ബാലയും വിവാഹമോചിതരായി വർഷങ്ങൾ പിന്നിട്ടെങ്കിലും ഇരുവരുടെയും ആരോപണങ്ങളും പ്രത്യാരോപണങ്ങളും സോഷ്യൽമീഡിയയിലൂടെ ഇപ്പോഴും തുടരുകയാണ്. ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്ന അതിക്രൂര പീഡനങ്ങളെക്കുറിച്ചും ഡിവോഴ്സിലേക്ക് എത്തപ്പെട്ടതിനെക്കുറിച്ചും അടുത്തിടെ അമൃത പ്രതികരിച്ചിരുന്നു. ഗായികയുടെ വെളിപ്പെടുത്തൽ വീണ്ടും വലിയ ചർച്ചയായതോടെ സോഷ്യൽമീഡിയയിലെ ഒരു വിഭാഗമാളുകൾ അമൃതയ്‌ക്കും മകൾക്കുമെതിരെ സൈബറാക്രമണം തുടങ്ങി. ഇതിനെതിരെ ശക്തമായി പ്രതികരിച്ചെത്തിയ അമൃതയുടെ സഹോദരി അഭിരാമി വിഷയത്തെ നിയമപരമായി പോരാടാൻ തീരുമാനിച്ച വിവരവും അറിയിച്ചിരുന്നു.
അമൃത കഴിഞ്ഞ ദിവസം വീഡിയോയിലൂടെ പങ്കുവച്ച വെളിപ്പെടുത്തലുകൾ പിആർ വർക്കിന്റെ ഭാഗമാണെന്നായിരുന്നു ആരോപണം. ഇതിന് ശക്തമായ ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് താരം. തന്റെ മകളെ ഉൾപ്പെടുത്തിക്കൊണ്ട് കെട്ടിച്ചമച്ച പല കഥകളും പ്രചരിക്കാൻ തുടങ്ങിയതോടെയാണ് 14 വർഷത്തെ മൗനം അവസാനിപ്പിച്ച് താൻ പ്രതികരിച്ചതെന്ന് അമൃത വ്യക്തമാക്കി. തനിക്ക് പിആർ വർക്ക് നടത്തേണ്ട ആവശ്യമില്ലെന്നും, അത് ചെയ്തിട്ടില്ലെന്നും അതിനാവശ്യമായ കോടിക്കണക്കിന് രൂപ തന്റെ പക്കലില്ലെന്നും അമൃത കൂട്ടിച്ചേർത്തു.
കോടതിയെയും നിയമത്തെയും ബഹുമാനിച്ചാണ് മിണ്ടാതിരുന്നത്, അല്ലാതെ തന്റെ മടിയിൽ കനമുള്ളതു കൊണ്ടല്ല. മകളുടെ വിഷയം പിന്നെയും പിന്നെയും അവളുടെ അച്ഛൻ എടുത്തു ഒരു വാർത്ത ആക്കുന്നത് പോലെ താനും തുടങ്ങാതിരിക്കാനാണ് കുറെകാലം നിശബ്ദയായത്. ആകെ പ്രതികരിച്ചത് ഒരിക്കൽ മാത്രമാണ്, അതിനെ PR എന്നൊക്കെ പറഞ്ഞ് ദയവുചെയ്ത് ആളുകളെ തെറ്റുദ്ധരിപ്പിക്കാൻ നോക്കേണ്ടെന്നും അവർ പറഞ്ഞു.