മുംബൈ: ദക്ഷിണ മുംബൈയിലെ ‘മട്ടൻ സ്ട്രീറ്റ്’ ‘അഹിംസാ മാർഗ്’ ആക്കണമെന്ന് പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ് (PETA ) സംഘടന. സ്ഥലപ്പേര് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘടന മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാഗാന്ധിക്ക് ആദരവർപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് സംഘടന വ്യക്തമാക്കി.
കൊളോണിയൽ കാലഘട്ടത്തിൽ നിലനിന്നിരുന്ന മാംസക്കച്ചവടവുമായി ബന്ധപ്പെട്ടതാണ് സ്ട്രീറ്റിന്റെ പേര്. ഇത് ഗാന്ധിജിയുടെ അഹിംസയുടെയും സസ്യാഹാരത്തിന്റെയും മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും സംഘടനയുടെ നിവേദനത്തിൽ പറയുന്നു. മട്ടൻ സ്ട്രീറ്റിനെ അഹിംസാ മാർഗെന്ന് പുനർനാമകരണം ചെയ്യുന്നത് ഗാന്ധിജിയുടെ സ്മരണയ്‌ക്കുള്ള മഹത്തായ ആദരവായിരിക്കുമെന്നും മുംബൈയിലെ ജനങ്ങളോട് അനുകമ്പ പുലർത്താൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
മോഷ്ടിച്ച സാധങ്ങൾ ഇവിടെ വിൽക്കുന്നു എന്ന പ്രചരണമുള്ളതിനാൽ മട്ടൻ സ്ട്രീറ്റിന്റെ ഒരു ഭാഗം ‘ചോർ ബസാർ’ എന്നും അറിയപ്പെടുന്നുണ്ട്. അഹിംസ മാർഗിൽ സസ്യാഹാര വ്യവ്യസായങ്ങൾ തുടങ്ങണമെന്നും വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും ഇവിടേക്ക് വരാൻ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ തുടങ്ങണമെന്നുമാണ് സംഘടനയുടെ ആവശ്യം.