ടെൽ അവീവ്: രാജ്യത്തിനുനേരെ നടന്ന ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ തണുപ്പൻ പ്രതികരണം നടത്തിയ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെതിരെ ഇസ്രായേൽ. ഗുട്ടെറസിന് രാജ്യത്തേക്കുള്ള പ്രവേശനം വിലക്കിയതായി ഇസ്രായേൽ വിദേശകാര്യമന്ത്രി ഇസ്രായേൽ കാറ്റ്‌സ് അറിയിച്ചു.
“രാജ്യത്തിനെതിരെ നടന്ന ഹീനമായ ആക്രമണത്തെ മുഖം നോക്കാതെ അപലപിക്കാൻ കഴിയാത്ത ഒരാൾക്കും ഇസ്രായേലിന്റെ മണ്ണിൽ കാലുകുത്താനുള്ള അർഹതയില്ല,”വിദേശകാര്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ഇറാൻ ഇസ്രയേലിനുനേരെ നൂറിലധികം മിസൈലുകൾ വിക്ഷേപിച്ചിരുന്നു. ടെൽ അവീവും ജെറുസലേമും ലക്ഷ്യമാക്കി വന്ന മിസൈലുകൾ ഭൂരിപക്ഷവും ഇസ്രായേലിന്റെ പ്രതിരോധ മികവിൽ തകർന്നടിഞ്ഞു. സംഭവത്തിനു പിന്നാലെ യുഎൻസെക്രട്ടറി ജനറൽ പ്രതികരിച്ചിരുന്നെങ്കിലും ഇറാനെ പേരെടുത്ത് പറഞ്ഞ് അപലപിക്കാൻ തയാറായിരുന്നില്ല.
“മധ്യേഷ്യയിലെ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിനെയും വ്യാപിക്കുന്നതിനെയും ഞാൻ അപലപിക്കുന്നു. ഇത് അവസാനിപ്പിക്കണം. നമുക്ക് ഉറപ്പായും ഒരു വെടിനിർത്തൽ ആവശ്യമാണ്,” യുഎൻ സെക്രട്ടറി ജനറൽ എക്‌സിൽ കുറിച്ചു. ഈ തണുപ്പൻ പ്രതികരണത്തിനെതിരെയാണ് ഇസ്രായേലിന്റെ നടപടി.















