പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് ബാബർ അസമിനെ വീണ്ടും ക്യാപ്റ്റനാക്കാൻ പിസിബിക്ക് ആഗ്രഹമുണ്ടെന്ന് സൂചനകൾ. മൂന്ന് ഫോർമാറ്റിലും വ്യത്യസ്ത ക്യാപ്റ്റന്മാരെ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ടി20യിലും ഏകദിനത്തിലും മൊഹമ്മദ് റിസ്വാനെ നായകനാക്കാൻ പരിഗണിക്കുന്നുണ്ടെങ്കിലും താരത്തിന് ഇതിന് താത്പ്പര്യമില്ല. വര്‍ക്ക്‌ലോഡ് കാരണം ടി20യിൽ മാത്രമായി ടീമിനെ നയിക്കാമെന്ന നിലപാടിലാണ് റിസ്വാൻ. ഇത് പരിശീലകരെയും പിസിബിയെയും അറിയിച്ചെന്നാണ് വെളിപ്പെടുത്തൽ.
ക്യാപ്റ്റന്മാരെ തിരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങൾ സെലക്ഷൻ കമ്മിറ്റി ആരംഭിച്ചിട്ടുണ്ട്. മുഖ്യ പരിശീലകൻ ഗ്യാരി കിർസ്റ്റണെയും മുൻതാരം ആസാദ് ഷഫീഖിനെയും സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ബാബറിന്റെ പോലും ആത്മവിശ്വാസവും ഫോമും നഷ്‌ടപ്പെട്ടു. ഇനി മറ്റൊരു കളിക്കാരനും രണ്ട് ഫോർമാറ്റുകളിൽ ക്യാപ്റ്റൻസി സമ്മർദ്ദം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്ന് കിർസ്റ്റൺ പിസിബിയെ അറിയിച്ചിട്ടുണ്ട്.
ഏകദിനത്തിലും ടി20യിലും റിസ്വാന് ഡെപ്യൂട്ടിയെ നിയമിക്കുന്നതാണ് മറ്റൊരു പോം വഴിയെന്നാണ് പിസിബി കരുതുന്നത്.ഷദാബ് ഖാൻ, സയിം അയൂബ്, ഷാൻ മസൂദ്, ഷഹീൻ എന്നിവരാണ് അതിന് പരിഗണനയിലുള്ളത്. ഒന്നുകിൽ ഇവരെ ആരെയെങ്കിലും നിയമിക്കുകയോ ബാബർ അസമിനെ സ്വാധീനിച്ച് തിരികെ കൊണ്ടുവരികയോ ആകും പിസിബിയുടെ ശ്രമം. നേരത്തെ പാക്കിസ്താന്റെ ഓൾ ഫോർമാറ്റ് ക്യാപ്റ്റനായിരുന്ന ബാബർ അസം, 2023 ൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ടീമിന്റെ മോശം പ്രകടനത്തിന് ശേഷമാണ് രാജി പ്രഖ്യാപിച്ചത്.
പേസർ ഷഹീൻ ഷാ അഫ്രീദി അദ്ദേഹത്തിന്റെ പിൻഗാമിയായി ടി20 ക്യാപ്റ്റനായി സ്ഥാനമേറ്റെങ്കിലും പുതിയ ചെയർമാനെത്തിയതോടെ ബാബറിനെ വീണ്ടും നായകനാക്കുകയായിരുന്നു. ഇത് ടീമിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിവച്ചിരുന്നു. ടി20 ലോകപ്പിൽ ടീം നാണംകെട്ട് പുറത്തായതും ബാബറിന് തിരിച്ചടിയായി.