തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന നിലപാട് കടുപിച്ച് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തിയതായാണ് വിവരം. സിപിഐ-സിപിഎം നേതൃയോഗങ്ങൾ നാളെ ചേരാനിരിക്കെയാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഡിജിപിയുടെ റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്നും റിപ്പോർട്ട് വന്നതിന് ശേഷം തീരുമാനമെടുക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എഡിജിപിക്കെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് നാളെ ഡിജിപി സമർപ്പിക്കും. ഇതിനിടെയായിരുന്നു അപ്രതീക്ഷിത കൂടിക്കാഴ്ച.
നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പായി എഡിജിപിയെ മാറ്റണമെന്ന് സിപിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. എഡിജിപിക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കേണ്ടി വരുമെന്നും സിപിഐ അറിയിച്ചു.















