ആലപ്പുഴ ജിംഖാന’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് നസ്‌ലിൻ ആരാധകർ. പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ മുഖം വ്യക്തമല്ലെങ്കിലും അത് നസ്‌ലിൻ തന്നെയാണെന്ന് ആരാധകർ ഉറപ്പിച്ചിരുന്നു. സ്ഥിരം ഐറ്റമായ പൈങ്കിളി കഥാപാത്രങ്ങളെ മാറ്റിപ്പിടിച്ചാണ് ‘ആലപ്പുഴ ജിംഖാന’യിൽ നസ്‌ലിൻ എത്തുകയെന്ന വിലയിരുത്തലിലാണ് സോഷ്യൽമീഡിയ. അതിനാൽ വേറിട്ട ലുക്കിൽ നസ്‌ലിനെ കാണാൻ കഴിഞ്ഞതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകർ.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നസ്‌ലിൻ ചെറിയ പ്രായത്തിൽ തന്നെ വലിയ ജനപ്രീതി സ്വന്തമാക്കിയിരുന്നു. ശേഷം ചെയ്ത ഒട്ടുമിക്ക കഥാപാത്രങ്ങളും ഹ്യൂമറും പ്രണയവും നിറഞ്ഞ പൈങ്കിളി വേഷങ്ങളായിരുന്നു. എന്നാൽ ‘ആലപ്പുഴ ജിംഖാന’യുടെ പോസ്റ്റർ പുറത്തുവന്നതോടെ നസ്‌ലിനെ മാസ് ലുക്കിൽ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് നസ്‌ലിൻ-ഫാൻസ്.
ബോക്സിംഗ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ഫസ്റ്റ്ലുക്ക് നൽകുന്ന സൂചന. ജിംഖാനയിൽ നസ്‌ലിൻ കൂടാതെ യുവതാരങ്ങളായ ഗണപതി, ലുക്മാൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. തല്ലുമാല എന്ന ഹിറ്റ് ചിത്രമൊരുക്കിയ ഖാലിദ് റഹ്മാനാണ് ജിംഖാനയുടെ സംവിധായകൻ.
ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിശാന്ത് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.