തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചനത്തിൽ കെടിആറിന് പങ്കുണ്ടെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പരാമർശത്തിൽ പ്രതികരിച്ച് നടൻ നാഗാർജുന. സോഷ്യൽ മീഡിയയിലൂടെയാണ് മന്ത്രിക്കെതിരെ നാഗർജുന വിമർശനം ഉന്നയിച്ചത്. മന്ത്രിയുടെ പരാമർശങ്ങൾ തികച്ചും തെറ്റാണെന്നും വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാൻ പഠിക്കണമെന്നും നാഗാർജുന വ്യക്തമാക്കി.
“കോൺഗ്രസ് നേതാവ് കൊണ്ട സുരേഖയുടെ പരാമർശങ്ങൾ തെറ്റാണ്. നിങ്ങളുടെ എതിരാളികളെ വിമർശിക്കുന്നതിന് വേണ്ടി രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സിനിമാ താരങ്ങളെ ഉപയോഗിക്കരുത്. മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക”-നാഗാർജുന എക്സിൽ കുറിച്ചു.
സിനിമാ മേഖലയിൽ നിന്ന് നടിമാർ മാറി നിൽക്കുന്നതിന് കാരണം കെ.ടി രാമ റാവു ആണെന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. നാഗചൈതന്യയും സാമന്തയും വേർപിരിഞ്ഞതിന് പിന്നിൽ കെടിആറാണെന്നും അവർ പറഞ്ഞു. നടിമാർ സിനിമാ മേഖല വിട്ടുപോകുന്നതും പെട്ടെന്ന് വിവാഹം കഴിക്കുന്നതും കെടിആർ കാരണമെന്ന് കൊണ്ട സുരേഖ ആരോപിച്ചു.
കെടിആർ എപ്പോഴും സ്ത്രീകളെ ചൂഷണം ചെയ്യാറുണ്ടെന്നും വ്യക്തിപരമായ വിവരങ്ങൾ കൈക്കലാക്കുന്നതിന് ഫോൺ ചോർത്താറുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. പരാമർശങ്ങൾ വിവാദമായതോടെയാണ് മന്ത്രിക്കെതിരെ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന രംഗത്തെത്തിയത്.