തിരുവനന്തപുരം: വർക്കലയിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ നാല് പേർക്ക് വെട്ടേറ്റു. താഴെ വെട്ടൂർ ജംഗ്ഷനിൽ വൈകിട്ട് 6.30-നാണ് സംഭവം. വെട്ടൂർ സ്വദേശികളായ നൗഷാദ്, അൽ അമീൻ, ഷംനാദ്, നാസിമുദ്ദീൻ എന്നിവർക്കാണ് വെട്ടേറ്റത്. മൂന്ന് പേരുടെ തലയ്‌ക്കും ഒരാളുടെ മുഖത്തുമാണ് പരിക്കേറ്റത്.
പ്രദേശവാസികളായ അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. മത്സ്യബന്ധനത്തിന് ശേഷം കടപ്പുറത്ത് നിന്ന് താഴെ വെട്ടൂർ ജംഗ്ഷനിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അക്രമികളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റായ നസീമുദ്ദീന് മുഖത്ത് പരിക്കേറ്റത്.
വെട്ടേറ്റ് നിലത്തുവീണ മൂന്ന് പേരെയും സംഘം മർദ്ദിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാർ ഓടിക്കൂടിയതോടെ സംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമികളും മത്സ്യത്തൊഴിലാളികളും തമ്മിൽ പലയിടങ്ങളിൽ വച്ച് വാക്കുതർക്കമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
നാല് പേരെയും വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.