മമ്മൂട്ടി നെഗറ്റീവ് കഥാപാത്രത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച സിനിമയാണ് പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ. ചിത്രത്തിന്റെ റീ റിലീസ് വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റീ റിലീസ് തീയതി പങ്കുവക്കുകയാണ് മമ്മൂട്ടി. ഫെയ്സ്ബുക്കിൽ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി റീ റിലീസ് തീയതി പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ ശബ്ദ-സാങ്കേതിക മികവോടെ ഒക്ടോബർ നാലിനാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നത്. സെപ്റ്റംബർ 20-ന് ചിത്രം റീ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഈ തീയതി മാറ്റുകയായിരുന്നു.
മൂന്ന് വേഷങ്ങളിലെത്തി അത്യുഗ്രൻ പ്രകടനം കാഴ്ചവെച്ച മമ്മൂട്ടിയുടെ മികച്ച ചിത്രങ്ങളിലൊന്നാണ് പാലേരിമാണിക്യം. ചിത്രം വീണ്ടും പ്രദർശനത്തിനെത്തുമ്പോൾ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ. ഒരുപാട് വിമർശനങ്ങൾ നേരിടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ചിത്രമാണിത്. അതുകൊണ്ട് തന്നെ പുതിയ ദൃശ്യവിരുന്നോടെ സിനിമ ബിഗ്സ്ക്രീനിലെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ.
മൈഥിലി, ശ്വേതാ മേനോൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, ശശി കലിംഗ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. പാലേരിമാണിക്യത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. മികച്ച നടിയായി ശ്വേത മേനോനും തെരഞ്ഞെടുക്കപ്പെട്ടു.















