തിരുവനന്തപുരം: ഹിന്ദുക്കൾക്കും വിശ്വാസികൾക്കും നേരെ എന്തുമാകാമെന്ന ഭരണകൂട ധാർഷ്ട്യത്തിന് കേരളത്തിലെ ഹിന്ദു സമൂഹം നൽകിയ തിരുത്തിന്റെ തുടക്കമായിരുന്നു പന്തളത്ത് നടന്ന നാമജപ ഘോഷയാത്രയെന്ന് ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. വിശ്വാസ സംരക്ഷണത്തിനായി 2018 ഒക്ടോബർ രണ്ടിന് നാമജപവുമായി പതിനായിരങ്ങൾ പന്തളത്ത് തെരുവിലിറങ്ങിയതിന്റെ ആറാം വാർഷികത്തിൽ ജനം സ്‌പെഷ്യൽ ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു വത്സൻ തില്ലങ്കേരി.
കേരളത്തിൽ സർക്കാരുകളെ നയിക്കുന്നവർക്കൊക്കെ സംഘടിത മതങ്ങളുടെ ശബ്ദത്തിന് മാത്രമേ വിലയുണ്ടായിരുന്നുളളൂ. അവരുടെ ഭീഷണിക്ക് മുൻപിൽ മാത്രമേ കീഴടങ്ങേണ്ടതുളളൂ ഹിന്ദുക്കളെ എന്തും ചെയ്യാം എന്നതായിരുന്നു ചിന്ത. പക്ഷെ അങ്ങനെയല്ലെന്ന് അവിശ്വാസികളായ മാർക്‌സിസ്റ്റ് ഭരണകൂടത്തിന് കാണിച്ചുകൊടുത്ത വലിയ പ്രക്ഷോഭമായിരുന്നു ശബരിമല വിഷയത്തിൽ നടന്നത്. അതുവരെയുണ്ടായിരുന്ന ഹിന്ദുവിന്റെ മുഖമോ ഹിന്ദുവിന്റെ പോരാട്ട വീര്യമോ അല്ലായിരുന്നു ആ നാളുകളിൽ ലോകം ദർശിച്ചതെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.
ശബരിമലയിൽ യുവതീപ്രവേശനത്തിന് അനുവാദം നൽകിയ വിധി വന്നതിന് ശേഷം സ്തംഭിച്ചുപോയ ലോകത്തിലെ സനാതന ധർമ്മ വിശ്വാസികൾക്ക് ആത്മവിശ്വാസം നൽകിയ വലിയ ഭക്തജന മുന്നേറ്റമായിരുന്നു പന്തളത്ത്് നടന്ന നാമജപ ഘോഷയാത്ര. വീടുകളിൽ നിന്ന് ഇറങ്ങിയ പതിനായിരക്കണക്കിന് അമ്മമാർ എല്ലാ വിശ്വാസങ്ങൾക്കും ഉപരിയായ അയ്യപ്പന്റെ പേരിൽ അയ്യപ്പന്റെ ജൻമഭൂമിയിൽ ഒരുമിച്ചു കൂടി. തളർന്നുപോയ പാർത്ഥന് ഭഗവാന്റെ ഗീതോപദേശം എങ്ങനെയാണോ അതുപോലെയാണ് ആ നാമജപയാത്ര അയ്യപ്പഭക്തർക്കും പ്രചോദനമായത്.
വിശ്വാസങ്ങളെ തകർക്കാം എന്ന് കരുതിയ ഭരണകൂടത്തിന് വിശ്വാസികളുടെ ഒരുമിച്ചുളള മുന്നേറ്റത്തിന് മുൻപിൽ സുല്ലിട്ട് നിൽക്കേണ്ടി വന്നു. കേരളത്തിലെ ഹിന്ദുത്വാഭിമാനികളും അയ്യപ്പ വിശ്വാസികളും ജീവിതത്തിൽ ഏറ്റവും ഓർമ്മിക്കപ്പെടുന്ന ദിവസങ്ങളാണത്. കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടുന്ന ഒട്ടനവധി മുഹൂർത്തങ്ങൾ പകർന്ന കാലഘട്ടമായിരുന്നുവെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.