ടെൽഅവീവ്: ഡമാസ്‌കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹസൻ നസ്‌റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന എൻജിഒ ആണ് ഈ വിവരം പുറത്ത് വിട്ടത്. കഴിഞ്ഞ ആഴ്ച ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ല കൊല്ലപ്പെടുന്നത്.
ദമാസ്‌കസിലെ മാസെ ജില്ലയിൽ ഒരു റസിഡൻഷ്യൽ അപ്പാർട്‌മെന്റിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഹസൻ നസ്‌റല്ലയുടെ മരുമകൻ ഹസൻ ജാഫർ അൽ ഖാസിർ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഹിസ്ബുള്ള ഭീകരരുമായി അടുത്ത ബന്ധമുള്ള ചില വൃത്തങ്ങളും ഈ വിവരം സ്ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഇന്ന് പുലർച്ചെയോടെ ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം ഇസ്രായേൽ സേന വീണ്ടും കടുപ്പിച്ചിരിക്കുകയാണ്. ഇറാനിൽ നിന്ന് വ്യോമാക്രമണമുണ്ടായതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഹിസ്ബുള്ള ഭീകരർക്കെതിരെ ഇസ്രായേൽ വീണ്ടും ആക്രമണം ശക്തമാക്കിയത്. ബെയ്‌റൂട്ടിൽ നടത്തിയ ബോംബ് ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രായേലുമായി കരയുദ്ധം ആരംഭിച്ചതായും, അതിർത്തി മേഖലയിലെ മറൂൺ എൽ റാസിൽ മൂന്ന് ഇസ്രായേലി യുദ്ധടാങ്കുകൾ തകർത്തതായും ഹിസ്ബുള്ള അവകാശപ്പെട്ടു.
ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ല കൊല്ലപ്പെട്ടതിന് പ്രതികാരമായിട്ടാണ് ഇറാൻ ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. പ്രകോപനം ഒഴിവാക്കുന്നതിന്റെ ഭാഗമായി ആക്രമണം നിർത്തിവയ്‌ക്കുകയാണെന്ന് ഇറാൻ പറഞ്ഞുവെങ്കിലും, ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേലും അമേരിക്കയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനെതിരെ ഉപരോധങ്ങൾ കടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജോ ബൈഡൻ ജി7 നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആക്രമണത്തെ ജി7 രാജ്യങ്ങൾ ശക്തമായി അപലപിച്ചതായി വൈറ്റ് ഹൗസും പ്രസ്താവന ഇറക്കിയിട്ടുണ്ട്.