കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്കെതിരെ വിദ്യാർത്ഥികളുടെ പരാതി വ്യാപകമാകുന്നു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണങ്ങളാണ് പ്രധാനമായും ഉയരുന്നത്. കൈക്കൂലി, സ്വജനപക്ഷപാതം, പരീക്ഷാ നടത്തുകളിലെ ക്രമക്കേട് തുടങ്ങിയവ സർക്കാർ മെഡിക്കൽ കോളേജുകളിൽ വ്യാപകമാണെന്ന തരത്തിലുള്ള പരാതികളാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്.
സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ഏഴ് മെഡിക്കൽ കോളേജുകളിൽ നിന്ന് സമാനമായ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബംഗാൾ മെഡിക്കൽ കൗൺസിലിൽ രജിസ്‌ട്രേഷൻ നിഷേധിക്കുന്നതിലും വിദ്യാർത്ഥികൾ ആശങ്ക അറിയിച്ചിട്ടുണ്ട്. കൗൺസിലിൽ ഉള്ളവർ കൈക്കൂലി ആവശ്യപ്പെടാറുണ്ടെന്നും, അവർ പറയുന്ന ആവശ്യങ്ങൾ നടത്തിക്കൊടുത്തില്ലെങ്കിൽ ഭീഷണി മുഴക്കാറുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.
ഹൗസ് സ്റ്റാഫ് സെലക്ഷൻ സമയത്ത് ഗ്രേഡുകൾ നൽകുന്നതിലെ അപാകത, ഹോസ്പിറ്റൽ ഇവന്റുകളിൽ ജോലി ചെയ്യാൻ ഭീഷണിപ്പെടുത്തുക തുടങ്ങിയ ആരോപണങ്ങളും വിദ്യാർത്ഥികൾ ഉയർത്തുന്നു. ഇത്തരത്തിൽ രാഷ്‌ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും, അടിയന്തര പരിഷ്‌കാരം വേണമെന്നുമാണ് വിദ്യാർത്ഥികൾ മുന്നോട്ട് വയ്‌ക്കുന്ന പ്രധാന ആവശ്യം.
അതേസമയം ആരോപണങ്ങളിന്മേൽ സർക്കാർ പ്രതികരിച്ചിട്ടില്ല. സെപ്തംബർ ആദ്യമാണ് ആർജി കാർ മെഡിക്കൽ കോളേജിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷ് അറസ്റ്റിലാകുന്നത്. പിന്നാലെയാണ് പല പ്രമുഖ മെഡിക്കൽ കോളേജുകൾക്കുമെതിരെ ആരോപണങ്ങൾ ഉയർന്നത്. ആർജി കാർ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുള്ള കേസിൽ അന്വേഷണസംഘം ഈ മാസം ഒന്നിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.















