ടെൽഅവീവ്: ലെബനനിൽ ഹിസ്ബുള്ളയുമായി നടത്തിയ പോരാട്ടത്തിനിടെ എട്ട് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ബെയ്‌റൂട്ടിൽ പ്രത്യാക്രമണം കടുപ്പിച്ച് ഇസ്രായേൽ പ്രതിരോധ സേന. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം അതിർത്തി കടന്ന് കരയുദ്ധം ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. പിന്നാലെ ഉണ്ടായ ഏറ്റുമുട്ടലിൽ തങ്ങളുടെ എട്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് മധ്യ ബെയ്‌റൂട്ടിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. അതിർത്തി മേഖലയായ മറൂൺ എൽ റാസിൽ ഇസ്രായേലിന്റെ മൂന്ന് യുദ്ധടാങ്കുകൾ നശിപ്പിച്ചതായി ഹിസ്ബുള്ള അവകാശപ്പെട്ടിട്ടുണ്ട്. ലെബനന്റെ കൂടുതൽ ഉൾഭാഗത്തേക്ക് മുന്നേറുകയാണെന്നും, കൂടുതൽ ഗ്രാമങ്ങളിൽ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഇസ്രായേൽ വ്യക്തമാക്കി.
അതേസമയം ഇസ്രായേലി സൈനികരുടെ മരണത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അനുശോചനം അറിയിച്ചു. ഇസ്രായേലിനെ നശിപ്പിക്കാൻ ഇറാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന തിന്മയുടെ അച്ചുതണ്ടിനെതിരായ പോരാട്ടത്തിലാണ് തങ്ങളെന്നും, ഒരുമിച്ച് നിൽക്കുകയും, ദൈവത്തിന്റെ സഹായത്തോടെ ഈ പോരാട്ടത്തിൽ വിജയിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഹിസ്ബുള്ള ഭീകരരുടെ ആക്രമണത്തെ തുടർന്ന് രാജ്യത്തിന്റെ വടക്കുഭാഗത്ത് നിന്ന് വീടുകൾ ഉപേക്ഷിച്ച് പോയവരെ തിരികെ എത്തിക്കാൻ സാധിക്കുമെന്നും നെതന്യാഹു പറയുന്നു.
ഇസ്രായേലിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയത് കൂടുതൽ ഇടങ്ങളിലേക്ക് സംഘർഷം വ്യാപിക്കാൻ കാരണമാകുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ഇറാന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേലും അമേരിക്കയും അറിയിച്ചിട്ടുണ്ട്. യുഎന്നും വിഷയത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നാൽ ഇറാന്റെ ആക്രമണത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗൂട്ടെറസ് അപലപിക്കാത്തതിൽ ഇസ്രായേൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.