ഡൽഹി: ആശുപത്രിയിൽ ചികിത്സതേടിയെത്തിയ രോഗി, ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി. ഡൽഹി കാളിന്ദികുഞ്ചിലാണ് സംഭവം. യുനാനി ഡോക്ടറായ ജാവേദ് അക്തറാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ 16, 17 വയസിലുള്ള കുട്ടികളാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് പുലർച്ചെ ഒരു മണിയോടെ കാളിന്ദികുഞ്ചിലെ സ്വകാര്യ ക്ലിനിക്കിലാണ് സംഭവം നടന്നത്. കുട്ടികളിൽ ഒരാളുടെ ശരീരത്തിൽ പരിക്കേറ്റിരുന്നു. ഇതിന്റെ ചികിത്സ നടത്തിയ ശേഷം കുട്ടി ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടു. മുറിയിലെത്തിയതോടെ ഡോക്ടർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ശേഷം ഇവർ കടന്നു കളഞ്ഞു. കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് പൊലീസ് പറഞ്ഞു. മറ്റ് കാരണങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും സമീപ പ്രദേശങ്ങളിലുൾപ്പെടെയുള്ള സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.