തിരുവനന്തപുരം: മറുനാടൻ മലയാളി വെബ് പോർട്ടൽ ഉടമ ഷാജൻ സ്കറിയ പി വി അൻവറിനെതിരെ കോടതിയെ സമീപിച്ചു. കാഞ്ഞിരപ്പള്ളി ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് ഷാജൻ സ്കറിയ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. അഡ്വക്കേറ്റ് ബിനോയ് ജോസ് മുഖാന്തിരമാണ് കേസ് നൽകിയത്.
“താൻ എ.ഡി.ജി.പി അജിത് കുമാറിന് രണ്ടു കോടി രൂപ കൈക്കൂലി കൊടുത്തെന്ന് ആരോപിച്ച് അൻവർ പുറത്തുവിട്ട ഓഡിയോ സന്ദേശം വ്യാജമായി നിർമിച്ചതാണ് . അൻവർ വ്യാജരേഖകൾ ചമച്ച് തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു. അൻവറിന്റെ പേര് പരാമർശിച്ചു വാർത്തകൾ സംപ്രേഷണം ചെയ്തതിന്റെ പേരിൽ ഭാര്യയെയും മക്കളെയും അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി. താൻ സംപ്രേഷണം ചെയ്ത വാർത്തകളുടെ വിഡിയോ മത സ്പർധയുണ്ടാക്കുന്ന തരത്തിൽ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു.” ഷാജൻ സ്കറിയ പരാതിയിൽ പറയുന്നു.
അൻവർ മത സ്പർധയുണ്ടാക്കുന്ന തരത്തിൽ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ച വാർത്തകളുടെ പൂർണ്ണഭാഗങ്ങളും ഷാജൻ സ്കറിയ കോടതിയിൽ പരാതിയോടൊപ്പം ഹാജരാക്കി. പരാതി പരിഗണിച്ച കോടതി, പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കേസ് ഇനി ഈ മാസം പത്തിന് പരിഗണിക്കും.
ഈ പരാതി നേരത്തെ കോട്ടയം എസ്പിക്കും സൈബർ സെല്ലിനും നൽകിയിരുന്നു. പൊലീസ് നടപടി എടുക്കുന്നില്ലെന്നാരോപിച്ചാണ് ഷാജൻ സ്കറിയ കോടതിയെ സമീപിച്ചത്.