ചെന്നൈ: രാമേശ്വരം ദ്വീപിനും വൻകരക്കുമിടയിൽ തീവണ്ടി ഗതാഗതം പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലേക്ക് കുതിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലമായ പാമ്പൻ പാലത്തിന്റെ പരീക്ഷണ ലിഫ്റ്റിംഗ് റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ) വിജയകരമായി പൂർത്തിയാക്കി.
ദക്ഷിണ റെയിൽവേക്കു വേണ്ടി പദ്ധതി നടപ്പാക്കുന്ന ആർവിഎൻഎൽ ചൊവ്വാഴ്ച രാത്രിയാണ് ആദ്യ പരീക്ഷണം നടത്തിയത് , അടുത്ത 10 ദിവസത്തേക്ക് ട്രയൽ തുടരും. അതിനുശേഷമായിരിക്കും പാമ്പനും രാമേശ്വരത്തിനും ഇടയിലുള്ള 2.07 കിലോമീറ്റർ പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ഉദ്ഘാടനം നിർവഹിക്കുമെന്നാണ് റിപ്പോർട്ട്.
വിള്ളലുകൾ കണ്ടെത്തിയതിനെത്തുടർന്ന് 2022 ഡിസംബറിൽ അടച്ച 110 വർഷം പഴക്കമുള്ള കാൻ്റിലിവർ പാലത്തിന് പകരമാണ് പുതിയ പാലം. വലിയ ബോട്ടുകൾക്കും കപ്പലുകൾക്കും പാമ്പൻ തീരത്തുകൂടെ കടന്നുപോകാൻ ഇരുവശവും ഉയർത്തിയിരുന്ന കാൻ്റിലിവർ പാലം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായിരുന്നു.
രാമേശ്വരം ദ്വീപിലേക്കുള്ള ട്രെയിനുകൾ ഇപ്പോൾ 20 കിലോമീറ്റർ അകലെ മണ്ഡപം റെയിൽവേ സ്റ്റേഷനിൽ അവസാനിപ്പിക്കുന്നു. അവിടെ നിന്ന് ദ്വീപിലെത്താൻ ഭക്തരും വിനോദസഞ്ചാരികളും ബസുകളും മറ്റു വാഹനങ്ങളുമാണ് ആശ്രയിക്കുന്നത്. 1988-ൽ റോഡ് പാലം നിർമ്മിക്കുന്നതിനുമുമ്പ്, ഇന്ത്യൻ വൻകരയിൽ നിന്ന് രാമേശ്വരം ദ്വീപിലെത്താൻ ബോട്ടുകൾ അല്ലാതെയുള്ള ഏക ഗതാഗത മാർഗ്ഗം ട്രെയിനുകളായിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് 1914-ൽ നിർമ്മിച്ച നിലവിലുള്ള കാൻ്റിലിവർ പാലത്തേക്കാൾ മൂന്ന് മീറ്റർ ഉയരത്തിലാണ്, പുതിയ പാലം.ഇതിന്റെ പണി 2020-ൽ ആരംഭിച്ചു. കോവിഡ് -19 കാരണം നിർമ്മാണം വൈകിയിരുന്നു.