നടി കാവേരിയുമായുള്ള കേസിന് പിന്നില്‍ ക്രൈം നന്ദകുമാറെന്ന് നടി പ്രിയങ്ക അനൂപ്. കാവേരിയുടെ അമ്മ പ്രിയങ്കയ്‌ക്കെതിരെ നല്‍കിയ കേസില്‍ നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ല്‍ കോടതി പ്രിയങ്കയെ കുറ്റവിമുക്തയാക്കിയിരുന്നു. ഇപ്പോൾ നടി ശ്വേതാ മേനോൻ നൽകിയ പരാതിയിൽ ക്രൈം നന്ദകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ ഒരു സമയത്ത് കൂടിയാണ് പഴയ കേസിനെ പറ്റി പ്രിയങ്ക മനസ്സു തുറന്നത്. യൂട്യൂബ് ചാനൽ ഉണ്ടാക്കി ഇല്ലാക്കഥകൾ മെനഞ്ഞ് പണം ഉണ്ടാക്കുകയാണ് ക്രൈം നന്ദകുമാറിന്റെ ജോലിയെന്ന് പ്രിയങ്ക തുറന്നടിച്ചു. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു നടി.
“ഞാൻ ആരെയും ദ്രോഹിക്കാൻ പോയിട്ടില്ല, പക്ഷേ എനിക്ക് ദ്രോഹമേ ഉണ്ടായിട്ടുള്ളൂ. പലർക്കും അറിയില്ല ഞാൻ എന്താണെന്ന്. നെഗറ്റീവ് ഒക്കെ കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്. നീണ്ട 20 വർഷത്തിനുശേഷമാണ് കേസിൽ ഞാൻ നിരപരാധിയാണെന്ന് പറയുന്നത്. വല്ലാത്തൊരു യാത്രയായിരുന്നു അത്. ഒരു കല്യാണം മാറിപ്പോകുന്നത്, കല്യാണം നടക്കുന്നത്, കുഞ്ഞുണ്ടാവുന്നത്, ഇതെല്ലാം ഈ 20 വർഷത്തിനിടയിലാണ്. ഗർഭിണിയായിരിക്കുമ്പോഴും ഞാൻ കേസിനു പോയിട്ടുണ്ട്. വിളിച്ചപ്പോൾ എല്ലാം പോയി, എല്ലാ തെളിവുകളും കൊടുത്തു, സൗണ്ട് വെരിഫിക്കേഷന് പോയി. ഏറ്റവും അവസാനമാണ് ഞാൻ നിരപരാധിയാണെന്ന് കോടതിക്ക് മനസ്സിലായത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ക്രൈം നന്ദകുമാറാണ് ഇതിനെല്ലാം കാരണം. കിട്ടിയ ഒരു ആയുധം കാശുണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുകയായിരുന്നു നന്ദകുമാർ”.
“നന്ദകുമാറിനെതിരെ ശ്വേതാ മേനോൻ ചങ്കൂറ്റത്തോടെ കേസ് കൊടുത്തതിന് ഞാൻ അഭിനന്ദിക്കുന്നു. കേസ് കഴിഞ്ഞു, നിരപരാധിയാണെന്ന് തെളിഞ്ഞു. എന്നിട്ടും എന്റെ ഒരു സ്റ്റോറി നന്ദകുമാർ അയാളുടെ ഓൺലൈൻ ചാനലിൽ ഇട്ടു. എന്നെ വിറ്റ് കാശാക്കാൻ ഞാൻ സമ്മതിക്കില്ല. പുള്ളിക്ക് വേറെ പണിയൊന്നുമില്ല. എന്റെ സഹോദരന്റെ മരണം വിറ്റ് കാശാക്കി, ഗണേശേട്ടനെ ചേർത്തും എന്റെ പഴയ കാര്യങ്ങൾ പറഞ്ഞും കാശുണ്ടാക്കി. ഇനി അത് സമ്മതിക്കാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ടുണ്ട്. ഞാൻ പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്. എന്റെ ന്യൂസ് ഇനി ആ ചാനലിൽ വരേണ്ട, എന്നെ വിൽക്കേണ്ട. വല്ല ജോലിക്കും പോയി ജീവിച്ചൂടെ. ജോലിചെയ്ത് കാശുണ്ടാക്കിയാൽ അന്തസ്സ് ഉണ്ട്, ഇല്ലാത്തതും പറഞ്ഞ യൂട്യൂബ് ചാനലിൽ ഇരുന്ന് കാശുണ്ടാക്കുന്നത് നല്ലതല്ല”- പ്രിയങ്ക പറഞ്ഞു.