ആരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് വാങ്ങാനല്ല ഞാൻ ഇന്റർവ്യൂകളിൽ പങ്കെടുക്കുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ. മമ്മൂക്കയുള്ള ലൊക്കേഷനിൽ മാത്രമല്ല, എല്ലാ ലൊക്കേഷനുകളിലും അച്ചടക്കത്തോടെ തന്നെയാണ് ഇരിക്കുന്നതെന്നും ഷൈൻ പറഞ്ഞു. പതിമൂന്നാം രാത്രി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
“ചോദ്യം ചോദിക്കുന്നത് കട്ട് ചെയ്ത് നമ്മുടെ പ്രതികരണം മാത്രമിട്ടാണ് ചില ഓൺലൈൻ ചാനലുകൾ ഇന്റർവ്യൂകൾ പ്രചരിപ്പിക്കുന്നത്. എന്തെങ്കിലും പറഞ്ഞാൽ അത് മണ്ടത്തരമായാണ് കാണുന്നത്. സിനിമകളുടെ പ്രമോഷന് വരുമ്പോൾ സിനിമയെ കുറിച്ച് ആരും ചോദിക്കാറില്ല. മറ്റ് പല കാര്യങ്ങളാണ് ചോദിക്കുന്നത്. നമ്മുടെ ചിത്രം വരുന്നുവെന്ന് ആളുകൾ അറിയാൻ വേണ്ടിയാണ് ഇന്റർവ്യൂകളിൽ വന്നിരിക്കുന്നത്. ചിലർ പ്രമോഷന് എന്ന് പറഞ്ഞ് ഇന്റർവ്യൂ എടുത്തിട്ട് സിനിമയുടെ പേര് പോലും പറയില്ല. ഞാൻ പറയുന്നതൊക്കെ കിളി പോയത് പോലെയാണ് കാണിക്കുന്നത്.
സിനിമാ മേഖലയിൽ തുല്യവേതനം എന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. ഓരോരുത്തരുടെ മാർക്കറ്റ് വാല്യൂ അനുസരിച്ചാണ് എല്ലാവർക്കും വേദനം നൽകുന്നത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആകുമ്പോൾ അതേ ശമ്പളം തന്നെ മന്ത്രിമാർക്ക് കിട്ടണമെന്ന് പറയാൻ സാധിക്കുമോ. ഓരോരുത്തരുടെയും ജോലിക്ക് അനുസരിച്ചാണ് വേതനം കൊടുക്കുന്നത്.
പാർവതിയ്‌ക്ക് കിട്ടുന്ന വേതനമല്ല, മറ്റ് പല നടിമാർക്കും കിട്ടുന്നത്. എന്നിട്ടും അവർ എന്തിനാണ് തുല്യവേതനത്തെ കുറിച്ച് സംസാരിക്കുന്നതെന്ന് മനസിലാകുന്നില്ല”- ഷൈൻ ടോം ചാക്കോ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ, താൻ ആ റിപ്പോർട്ട് കണ്ടിട്ടില്ലെന്നും അത് കണ്ടവരോടും പോയി ചോദിക്കണമെന്നായിരുന്നു ഷൈൻ ടോം ചാക്കോയുടെ മറുപടി.















