തിരുവനന്തപുരം; 1968 ൽ ഹിമാചൽ പ്രദേശിലെ റോഹ്തങ് പാസിൽ വിമാന അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന്റെ ഭൗതീകദേഹം തിരുവനന്തപുരത്ത് എത്തിച്ചു. പാങ്ങോട് മിലിട്ടറി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുളള മൃതദേഹം വെളളിയാഴ്ച രാവിലെ സ്വദേശമായ പത്തനംതിട്ട ഇലന്തൂരിലേക്ക് കൊണ്ടുപോകും.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഭൗതികദേഹം സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി വീണ ജോർജ് ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, തോമസ് ചെറിയാന്റെ സഹോദരൻ തോമസ് തോമസ് എന്നിവരും ഭൗതിക ദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. തുറന്ന സൈനിക വാഹനത്തിൽ വിലാപയാത്രയായിട്ടാണ് ഭൗതീകദേഹം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലേക്ക് എത്തിച്ചത്.
വെളളിയാഴ്ച രാവിലെ 10.30 ന് ഭൗതികശരീരം ഇലന്തൂർ ചന്ത ജംഗ്ഷനിൽ നിന്ന് സൈനിക അകമ്പടിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. 12.15ന് വീട്ടിൽ സംസ്‌കാര ശുശ്രൂഷ നടക്കും. 12.40 ന് വീട്ടിൽ നിന്ന് കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലേക്ക് വിലാപയാത്രയായി മൃതദേഹം എത്തിക്കും. 2 മണി വരെ ഭൗതീകദേഹം ഇവിടെ പൊതുദർശനത്തിന് വയ്‌ക്കും. പൂർണ്ണ സൈനീക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക.
തോമസ് ചെറിയാന്റെ വീട്ടിലെത്തിയ ഗോവ ഗവർണർ പി.എസ് ശ്രീധരൻപിളള സൈനികന്റെ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി. മഞ്ഞുമലയിൽ പുതഞ്ഞുകിടന്ന മൃതദേഹം കഴിഞ്ഞ ദിവസം സൈന്യം നടത്തിയ തെരച്ചിലിലാണ് കണ്ടെടുത്തത്.